ശൈലജ പുറത്ത്; പിണറായി ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങള്‍
1 min read- മുന്‍ സര്‍ക്കാരിലെ ഏറ്റവും ജനകീയമന്ത്രി പുറത്ത്
- പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെയെന്ന് പാര്‍ട്ടി
- സിപിഐക്ക് നാല് പുതുമുഖ മന്ത്രിമാര്‍; ആദ്യമായി വനിതാ മന്ത്രി
തിരുവനന്തപുരം: പുതിയ പിണറായി വിജയന്‍ മന്ത്രിസഭയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. വീണ്ടും മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്ന കെ കെ ശൈലജ ടീച്ചറെ സിപിഎം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. തൃത്താലയില്‍ നിന്ന് ജയിച്ചുകയറിയ എം ബി രാജേഷ് സ്പീക്കറാകും. വീണ ജോര്‍ജ്, ആര്‍ ബിന്ദു, മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, എം വി ഗോവിന്ദന്‍, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ മന്ത്രിമാരാകും.
കെ കെ ശൈലജ ഒഴികെയുള്ള പഴയ മന്ത്രിമാരെ ഒഴിവാക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീരുമാനം വന്നപ്പോള്‍ കെ കെ ശൈലജയും പുറത്തായി.
രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഐ മന്ത്രിമാരും തീരുമാനിക്കപ്പെട്ടു. പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍. എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. ഇതാദ്യമായാണ് സിപിഐക്ക് വനിതാ മന്ത്രിയുണ്ടാകുന്നത്.
എന്‍സിപിയില്‍ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കുവെക്കാന്‍ തീരുമാനമായി. ആദ്യ രണ്ടര വര്‍ഷം എ കെ ശശീന്ദ്രന്‍ മന്ത്രിയാകും. പിന്നീട് തോമസ് കെ തോമസും. അതേസമയം കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തല്‍ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
റോക്കോഡ് ഭൂരിപക്ഷം; അവസാനം പുറത്ത്
ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രകടനമികവ് കൊണ്ട് ആഗോള ശ്രദ്ധ നേടിയ മന്ത്രിയായിരുന്നു കെ കെ ശൈലജ. ആരോഗ്യവകുപ്പ് കൈയാളിയിരുന്ന ശൈലജയുടെ പ്രവര്‍ത്തനമികവ് വാനോളം പുകഴ്ത്തപ്പെട്ടു. നിപ്പ, കോവിഡ് കാലഘട്ടങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ സജീവ ചര്‍ച്ചയായിരുന്നു. ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം കേരളം കണ്ട ഏറ്റവും ജനകീയ കമ്യൂണിസ്റ്റ് നേതാവാണ് ശൈലജ. മട്ടന്നൂരില്‍ നിന്ന് റെക്കോഡ് ഭൂരിപക്ഷവുമായിട്ടാണ് കെ കെ ശൈലജ ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. 60963 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ശൈലജ നേടിയത്. സംസ്ഥാന നിയമസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചത്. ഇത്തരമൊരു വനിതാ നേതാവിനെയാണ് സിപിഎം ഇപ്പോള്‍ മന്ത്രിസഭയ്ക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്. കേരളത്തിന്‍റെ ഭാവി മുഖ്യമന്ത്രിയായി വരെ ശൈലജ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നു. മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ പുറത്താക്കിയതിനെ തുടര്‍ന്ന് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് സിപിഎമ്മിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.