October 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി

1 min read

തിരുവനന്തപുരം: ദേശീയ അന്തര്‍ദേശീയ ടൂറിസം മേഖലകളിലെ പുത്തന്‍ പ്രവണതകളിലൊന്നായ ‘സ്ത്രീ യാത്രകള്‍’ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഡെസ്റ്റിനേഷന്‍ പ്രമോഷന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പൂര്‍ണ്ണമായും സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി യു എന്‍ വിമണുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ‘സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി’ (വിമണ്‍ ഫണ്ട്ലി ടൂറിസം ഇനിഷ്യേറ്റീവ് ).

ടൂറിസം രംഗത്ത് കോവിഡിന് ശേഷം ഒറ്റക്കും കൂട്ടായുമുള്ള സ്ത്രീ യാത്രകള്‍ സര്‍വ സാധാരണമാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സ്ത്രീകള്‍ക്ക് നിര്‍ഭയം ചെല്ലാനുള്ള അന്തരീക്ഷമാണുള്ളത്. പുതുതലമുറ കേരള ടൂറിസത്തിന്‍റെ പ്രചാരകരായി മാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൂറിസം ക്ലബ് പദ്ധതിയിലൂടെ നേതൃനിരയിലേക്കെത്താന്‍ പുതിയ തലമുറയ്ക്കായിട്ടുണ്ട്. സംസ്ഥാനത്തുടനീളം ‘സ്ത്രീ യാത്രകള്‍’ എന്ന പുത്തന്‍ പ്രവണത വ്യാപിപ്പിക്കുന്നതിന് തുടക്കമിടാന്‍ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

  ഐഒടി വിപ്ലവത്തിന്‍റെ നേട്ടങ്ങള്‍ കൊയ്യാൻ ടെക്നോപാര്‍ക്ക് സുസജ്ഞം

അമ്പൂരി, വെള്ളറട പ്രദേശത്തെ സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ക്യാമ്പയിന്‍റെ ഭാഗമായാണ് ആദ്യ യാത്ര സംഘടിപ്പിച്ചത്. കേരളത്തിലെ ടൂറിസം ക്ലബ് അംഗങ്ങളായ പതിനഞ്ച് വിദ്യാര്‍ത്ഥിനികളെയാണ് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി ഈ യാത്രയിലേക്ക് തിരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥിനികളുടെ സോഷ്യല്‍ മീഡിയാ രംഗത്തെ പ്രാഗത്ഭ്യം അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തിലെ ചെറുതും വലുതുമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റിയെടുക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആക്കം കൂട്ടും. വിദ്യാര്‍ഥിനികള്‍ക്ക് സ്ത്രീ സൗഹൃദ യാത്രാനുഭവം സമ്മാനിക്കുന്നതിലൂടെ പദ്ധതിക്കും പ്രദേശത്തിനും പ്രചാരണം നല്‍കാന്‍ കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ (കെആര്‍എം) സൊസൈറ്റി ലക്ഷ്യമിടുന്നു.

  ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ 'യാന'ത്തിന് ഇന്ന് തുടക്കമാകും

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വരുമാന സ്രോതസ്സും സ്ത്രീ സഞ്ചാരികള്‍ക്ക് സുഗമമായ യാത്രാനുഭവവും സൃഷ്ടിക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. കൂടുതല്‍ സ്ത്രീ സഞ്ചാരികളെ കേരളത്തിലേക്കു ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വളര്‍ച്ചയും സാധ്യമാകും. സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ടൂറിസത്തിന്‍റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിക്ക് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി 2022 ഒക്ടോബര്‍ 26 നാണ് തുടക്കമിട്ടത്. ടൂറിസത്തിലൂടെ സ്ത്രീശാക്തീകരണം എന്നതാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ കാതല്‍. സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുരക്ഷിതവും ശുചിത്വമുള്ളതുമായ ടൂറിസം കേന്ദ്രങ്ങള്‍ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. വനിതാ ആര്‍ ടി യൂണിറ്റുകളുടെ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് വനിതാ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കും.

  വനിതാ ടൂറിസം യൂണിറ്റുകള്‍ക്ക് ധനസഹായം

എക്സ്ക്ലൂസീവ് ‘സ്ത്രീ യാത്രകള്‍’ നടത്തുന്ന വിവിധ യൂണിറ്റുകളും ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടൂര്‍ ഗൈഡ് , ടൂര്‍ ഓപ്പറേറ്റര്‍ , ഡ്രൈവര്‍മാര്‍, ഹോംസ്റ്റേകള്‍, റെസ്റ്റോറന്‍റ് മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങാനാകും. കേരള റെസ്പൊണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആകെ യൂണിറ്റുകളില്‍ 17631 (70%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണെന്ന പ്രത്യേകതയുമുണ്ട്.

Maintained By : Studio3