കൂടുതല്‍ ഇളവുകള്‍ : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി
-
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതുവരെ നിയന്ത്രണങ്ങള്‍
-
സാധാരണക്കാരുടെ ജീവിതത്തെ അധികം ബാധിക്കില്ല
-
ചെറുകിട സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കും
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി. മേയ് 30 വരെയായിരുന്നു നേരത്തെ ലോക്ക്ഡൗണ്‍ നിലവിലുണ്ടായിരുന്നത്. കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പെന്ന നിലയിലാണ് സംസ്ഥാനസര്‍ക്കാര്‍ ലോക്ക്ഡൗണിനെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെ ആകുന്നതു വരെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.
അതേസമയം ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത തരത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഹോം ഡെലിവറി പരമാവധി പ്രോല്‍സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കും. മദ്യശാലകള്‍ ലോക്ക്ഡൗണിന് ശേഷം മാത്രമേ തുറക്കൂ.
അതേസമയം ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം 22,28,724 ആയി കുറഞ്ഞു. മെയ് 10 ന് ശേഷം ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണത്തില്‍ 1,14,428 പേരുടെ കുറവ് രേഖപ്പെടുത്തി.
കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടര്‍ന്നുകൊണ്ട്, തുടര്‍ച്ചയായ 13 മത് ദിവസവും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയാണ്.കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയാണ്. 1,73,790 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചു.
തുടര്‍ച്ചയായ പതിനാറാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം രോഗ സ്ഥിരീകരിക്കുന്ന വരെക്കാള്‍ കൂടുതലുമാണ്.കഴിഞ്ഞ 24 മണിക്കൂറില്‍ 2,84,601 പേര്‍ രോഗ മുക്തരായി. മഹാമാരിയുടെ ആരംഭം മുതല്‍ ഇതുവരെ ഇന്ത്യയില്‍ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,51,78,011 ആണ്.രോഗമുക്തി നിരക്ക് ഉയര്‍ന്നു 90.80% ആയി.