October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യ കൈവരിച്ചത് റെക്കോഡ് കാര്‍ഷിക കയറ്റുമതി

1 min read
  • കോവിഡിനിടയിലും മികച്ച കാര്‍ഷിക കയറ്റുമതിയുമായി ഇന്ത്യ

  • കയറ്റുമതിയിലുണ്ടായത് 25 ശതമാനം വര്‍ധന

  • അരി, ഗോതമ്പ് കയറ്റുമതി റെക്കോഡ് ഉയരത്തില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലെത്തി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 19 ബില്യണ്‍ ഡോളറിലധികമാണ് രാജ്യത്തിന്‍റെ കാര്‍ഷിക കയറ്റുമതി. അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ് അതേറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് 2019-20 വര്‍ഷത്തെ അപേക്ഷിച്ച് കാര്‍ഷിക കയറ്റുമതിയിലുണ്ടായിരിക്കുന്നത് 25 ശതമാനത്തിന്‍റെ വര്‍ധനയാണ്. 15.9 ബില്യണ്‍ ഡോളറായിരുന്നു 2019-20 വര്‍ഷത്തെ കാര്‍ഷിക കയറ്റുമതി.

അരിയുടെ കയറ്റുമതിയിലുണ്ടായത് റെക്കോഡ് വര്‍ധനയാണ്. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചും അതിന് സാധ്യമായി എന്നതാണ് ശ്രദ്ധേയം. ബസ്മതി ഇതര കാറ്റഗറിയില്‍ 13.9 ദശലക്ഷം ടണ്‍ ആണ് കയറ്റുമതി. ബസ്മതി വിഭാഗത്തിലാകട്ടെ 4.6 മില്യണ്‍ ടണ്ണും. ഗോതമ്പ് കയറ്റുമതിയിലും ഉണ്ടായിരിക്കുന്നത് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ്. 2.08 മില്യണ്‍ ടണ്ണാണ് ഗോതമ്പ് കയറ്റുമതി.

  വിനയ് കോര്‍പ്പറേഷന്‍ ഐപിഒ

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഗോതമ്പ്, അരി കയറ്റുമതി മൊത്തം 20 മില്യണ്‍ ടണ്ണോളം വരും.

 

ഉല്‍പ്പാദനം കൂടി

രണ്ട് പ്രധാന കാരണങ്ങളാണ് കയറ്റുമതിയിലെ റെക്കോഡ് വര്‍ധനയ്ക്ക് കാരണമായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നു എന്നതാണ്. രണ്ടാമത്തെ കാരണം ഉല്‍പ്പാദനത്തിലുണ്ടായ വന്‍ വര്‍ധനയാണ്. അന്താരാഷ്ട്രതലത്തില്‍ അരിയുടെയും ഗോതമ്പിന്‍റെയും വിലയിലുണ്ടായ വലിയ വര്‍ധനയാണ് ഇന്ത്യയുടെ കയറ്റുമതിക്ക് ആക്കം കൂട്ടിയത്. പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന പദ്ധതിക്ക് കീഴില്‍ ഭക്ഷ്യധാന്യങ്ങളുടെ മികച്ച വിതരണവും ഗുണം ചെയ്തു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിപണികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഏറ്റവും ലാഭകരമെന്ന വസ്തുതയും ഗുണം ചെയ്തു.

  ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി വിമണ്‍ സോണ്‍

ടണ്ണിന് 280 ഡോളറാണ് ഇന്ത്യന്‍ ഗോതമ്പിന്‍റെ വില ഓസ്ട്രേലിയന്‍ ഗോതമ്പിന് 300 ഡോളറാണ് വിലവരുന്നത്. യൂറോപ്പ്, യുഎസ്, കാനഡ രാജ്യങ്ങളില്‍ ഇത് 310-320 ഡോളറിലേക്ക് ഉയരും. അതുപോലെ തന്നെ ഇന്ത്യന്‍ അരിയുടെ വില ടണ്ണിന് 360-390 ഡോളറാകുമ്പോള്‍ തായ്ലന്‍ഡിന്‍റേത് 495 ഡോളറും വിയറ്റ്നാമിന്‍റേത് 470 ഡോളറുമാണ്. പാക്കിസ്ഥാന്‍ അരിയുടെ വില ആകട്ടെ 440 ഡോളര്‍ ആണ്.

ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കയറ്റുമതിക്കായി പ്രധാനമായും ഭക്ഷ്യധാന്യങ്ങളെത്തുന്നത്. കര്‍ഷകര്‍ വിപണി വിലയ്ക്കാണ് തങ്ങളുടെ ധാന്യങ്ങള്‍ വില്‍ക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അരിയുടെ മൊത്തം ഉല്‍പ്പാദനം 121.47 മില്യണ്‍ ടണ്ണിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പോയ വര്‍ഷം ഇത് 118 എംടിയായിരുന്നു. മേയ് 24 വരെ 77.2 എംടി അരി രാജ്യത്തെ പല ഏജന്‍സികളായി സംഭരിച്ചുകഴിഞ്ഞു. ഗോതമ്പിന്‍റെ ഉല്‍പ്പാദനം 108 എംടിയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

  സംഭവ് സ്റ്റീല്‍ ട്യൂബ്സ് ഐപിഒയ്ക്ക്
Maintained By : Studio3