8386 കിലോമീറ്റര്‍ റോഡ് വികസനം, 8 ജലവൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും
1 min readപശ്ചാത്തല വികസനത്തില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഭൂതപൂര്‍വമായ മുന്നേറ്റം കാഴ്ചവെച്ചൂവെന്ന് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി വഴി അനുവദിച്ച 60,000 കോടി രൂപയുടെ പദ്ധതികളില്‍ സിംഹഭാഗവും നടപ്പാക്കുക അടുത്ത രണ്ട് വര്‍ഷങ്ങളിലായിട്ടാകും എന്ന് അറിയിച്ചു. 2021-22ല്‍ 8386 കിലോമീറ്റര്‍ റോഡ് വികസനം ലക്ഷ്യം വെക്കുന്നു. കിഫ്ബി- റീബില്‍ഡ് റോഡുകളായിട്ടായിരിക്കും നിര്‍മാണം. ഫുഡ് ഡെപ്ത് റിക്ലമേഷന്‍, കോള്‍ഡ് റീസൈക്ലിംഗ്, തിന്‍ വൈറ്റ് ടോപ്പിംഗ്, ജിയോ ടെക്‌സ്‌റ്റൈല്‍സ്, ബിറ്റുമിന്‍-പ്ലാസ്റ്റിക്-റബ്
പൊതുമരാമത്ത് വിഭാഗത്തില്‍ മൊത്തം 25,000 കോടി രൂപയുടെ പദ്ധതികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. 10,000 കോടി രൂപയുടെ പദ്ധതികളെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. പാരിസ്ഥിതിക അവലോകനം പൂര്‍ത്തിയാക്കി വയനാട് തുരങ്കപാത നടപ്പാക്കും. 36 റെയ്ല്‍വേ മേല്‍പ്പാലങ്ങള്‍ക്ക് തുക അനുവദിച്ചു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റിന്റെ രണ്ടാം ഘട്ടം തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ആദ്യ ഘട്ടം കൊല്ലം, തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലും നടപ്പാക്കുന്നത് തുക അനുവദിക്കും. കൊച്ചിയിലെ പ്രധാന റോഡ് ശൃംഖലയുടെ വികസനം, മലയോര ഹൈവേയുടെ 12 റീച്ചുകളുടെ പൂര്‍ത്തീകരണം, ദേശീയപാത 66-ന്റെ പുതിയ റീച്ചുകള്‍ എന്നിവയും ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിന് 1800 കോടി രൂപയെങ്കിലും വകയിരുത്തും. 3000 ബസുകള്‍ പ്രകൃതി സൗഹൃദ സിഎന്‍ജി/എല്‍എന്‍ജി ഇന്ധനങ്ങളിലേക്ക് മാറുന്നതോടെ ഇന്ധന ചിലവ് 25 ശതമാനം കുറയ്ക്കാനാകും എന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു. ഇതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അഴീക്കലില്‍ ഒരു വന്‍കിട തുറമുഖത്തിന്റെ നിര്‍മാണം ആരംഭിക്കും. 14.5 മീറ്റര്‍ ആഴത്തില്‍ 3698 കോടി രൂപ ചെലവില്‍ ഔട്ടര്‍ ഹാര്‍ബര്‍ നിര്‍മിക്കുന്നത് മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉള്‍നാടന്‍ ജലഗതാഗതത്തിന് സംസ്ഥാന ജലഗതാഗത വകുപ്പിന് 28 കോടി രൂപ അനുവദിച്ചു. പശ്ചിമ കനാല്‍ ശൃംഖലയുടെ ആദ്യഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. 1000 കോടി രൂപയുടെ കിഫ്ബി ഫണ്ടിനു പുറമേ ഈ പദ്ധതിക്കായി 107 കോടി രൂപ വകയിരുത്തുന്നു. കൊച്ചിയിലെ വാട്ടര്‍ മെട്രോ പദ്ധതിയുടെ 19 ജെട്ടികളുടെ ആദ്യ ഘട്ട ഉദ്ഘാടനം ഈ മാസം നടക്കുമെന്നും ധനമന്ത്രി അറിയിച്ചു. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളുടെ നിര്‍മാണം 2021-22ല്‍ പൂര്‍ത്തിയാക്കും. 60,000 കോടി രൂപയുടെ സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയ്ല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം ആരംഭിക്കാനാകും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.