6 മാസങ്ങള്‍ കൂടി ഇ-പോളിസി അനുവദിക്കാമെന്ന് ഐആര്‍ഡിഎഐ
1 min readന്യൂഡെല്‍ഹി: കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള 6 മാസം കൂടി ഇലക്ട്രോണിക് പോളിസികള്‍ നല്‍കാമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഇര്‍ഡായ്) അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുവരെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളും പോളിസി ഹോള്‍ഡറുടെ ഇ-മെയില്‍ ഐഡിയിലേക്ക് ഇലക്ട്രോണിക് ആയി അയയ്ക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഓഗസ്റ്റില്‍ അനുവദിച്ചിരുന്നു. അതാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.
മുമ്പ്, ഒരു പോളിസിക്കായി ഇലക്ട്രോണിക് രീതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍പ്പോലും കമ്പനികള്‍ക്ക് പ്രമാണത്തിന്‍റെ ഹാര്‍ഡ് കോപ്പി അയയ്ക്കേണ്ടി വന്നു. കോവിഡ് -19ന്‍റെയും ലോക്ക്ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്രമാണങ്ങള്‍ അച്ചടിക്കുന്നതിനും അയയ്ക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഐആര്‍ഡിഎഐ ഇളവ് അനുവദിച്ചിരുന്നത്. എന്നിരുന്നാലും, ഒരു പോളിസി ഉടമ ഹാര്‍ഡ് കോപ്പി ആവശ്യപ്പെടുകയാണെങ്കില്‍, കമ്പനികള്‍ യാതൊരു നിരക്കും കൂടാതെ അത് നല്‍കണം.
വാങ്ങല്‍ പ്രക്രിയ ലളിതമാക്കുന്നത് കൂടുതല്‍ ആളുകളെ ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങാന്‍ പ്രേരിപ്പിച്ചേക്കുമെന്ന് ഇന്‍ഷുറര്‍മാര്‍ പറഞ്ഞു. കൂടാതെ, പുതുക്കിയ സമയപരിധി അവസാനിക്കുന്നതുവരെ ഫ്രീ-ലുക്ക് കാലയളവ് 30 ദിവസമായി തുടരും. ഈ കാലയളവ് മുമ്പ് 15 ദിവസം ആയിരുന്നു. ഇലക്ട്രോണിക് പോളിസ് ലഭിച്ചതിനു ശേഷവും പോളിസിയെ കുറിച്ച് മനസിലാക്കാനും ആവശ്യമെങ്കില്‍ പിഴയില്ലാതെ പോളസി റദ്ദ് ചെയ്യുന്നതിനും പോളിസി ഉടമയ്ക്ക് നല്‍കുന്ന കാലയളവാണ് ഫ്രീ ലുക്ക് പിരീഡ്.