കോവിഡ് പേടി… ഇന്ത്യയിലെ സമ്പന്നരും ഉയര്‍ന്ന വരുമാനക്കാരും ‘രക്ഷപ്പെടുന്നു’
1 min read- കോവിഡ് പേടിച്ച് സ്വകാര്യ വിമാനങ്ങളില്‍ രാജ്യം വിടുന്നവരുടെ എണ്ണം കൂടുന്നു
- അതിസമ്പന്നര്‍ക്ക് പുറമെ ഉയര്‍ന്ന വരുമാനമുള്ളവരും പറക്കുന്നു
- മാലദ്വീപ്, ദുബായ് തുടങ്ങിയിടങ്ങളിലേക്കാണ് രക്ഷപ്പെടല്‍
മുംബൈ: ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനവും മരണവും സംഭവിക്കുന്നത് ഇന്ത്യയിലാണ്. അതിരൂക്ഷമായ കോവിഡ് ആക്രമണം തുടങ്ങിയതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുന്ന സമ്പന്നരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സ്വകാര്യ ജെറ്റുകളിലാണ് അതിസമ്പന്നര്‍ രാജ്യത്തു നിന്നും രക്ഷപ്പെടുന്നത്. നേരത്തെ ശതകോടീശ്വര സംരംഭകരായിരുന്നു ഇത്തരത്തില്‍ രാജ്യം വിട്ടിരുന്നതെങ്കില്‍ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ഉയര്‍ന്ന വരുമാനമുള്ള അപ്പര്‍ മിഡില്‍ ക്ലാസില്‍ പെട്ടവരും വിമാനം വിളിച്ച് അന്യരാജ്യങ്ങളിലേക്ക് പറക്കുകയാണ്.
അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തില്‍ പെട്ടവരും ഇവിടെ നിന്ന് രക്ഷപ്പെടുകയാണെന്ന് സ്വകാര്യ ജെറ്റ് ചാര്‍ട്ടര്‍ കമ്പനിയായ ജെറ്റ്സെറ്റ്ഗോയുടെ സഹസ്ഥാപകയും സിഇഒയുമായ കനിക തെക്രിവാള്‍ പറയുന്നു. ഇന്ത്യയില്‍ പ്രതിദിനം റെജിസ്റ്റര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടാകുന്നത്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ റെജിസ്റ്റര്‍ ചെയ്തത് 4.14 ലക്ഷം കേസുകളാണ്. 3915 പേരാണ് 24 മണിക്കൂറിനിടെ മാത്രം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത്. ആശുപത്രികളില്‍ ബെഡ്ഡില്ലാത്ത അവസ്ഥയാണെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതലായി വരികയും ചെയ്യുന്നു.
അതിസമ്പന്ന ഇന്ത്യക്കാര്‍ മാത്രമാണ് സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടുന്നതെന്ന് പറയുന്നത് തെറ്റായിരിക്കും-മാലദ്വീപില്‍ നിന്ന് തെക്രിവാള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളിലായി ബുക്കിംഗില്‍ തങ്ങള്‍ക്കുണ്ടായത് 900 ശതമാനത്തിന്‍റെ വര്‍ധനവാണെന്ന് അവര്‍ പറഞ്ഞു. ഇതില്‍ 70 മുതല്‍ 80 ശതമാനം വരെ അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവരാണ്. നല്ലൊരു ശതമാനവും പറക്കുന്നത് മാലദ്വീപിലേക്കാണ്. ഇന്ത്യയില്‍ നിന്നും വരുന്ന യാത്രികര്‍ക്ക് ഒരു പ്രത്യേക റിസോര്‍ട്ടില്‍ ക്വാറന്‍റൈന്‍ ഒരുക്കിയിട്ടുണ്ട് മലദ്വീപ്. ദുബായിലേക്കും നിരവധി പേര്‍ പറക്കുന്നുണ്ട്.
പലയിടങ്ങളില്‍ നിന്നും പണം സമാഹരിച്ചാണ് അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവര്‍ രാജ്യം വിടുന്നതെന്നും ജെറ്റ്സെറ്റ്ഗോ മേധാവി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ആവശ്യകതയില്‍ വന്‍വര്‍ധന വരുന്നുണ്ടെങ്കിലും തങ്ങളുടെ നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. അവസരവാദപരവും അധാര്‍മികവുമാണ് അത്തരമൊരു നിരക്ക് വര്‍ധനയെന്നാണ് ഈ സംരംഭക പറയുന്നത്.
മാലദ്വീപിലേക്കുള്ള ഒരു 8-സീറ്റര്‍ ജെറ്റിന് വരുന്ന നിരക്ക് 20,000 ഡോളറാണ്. ദുബായിലേക്കുള്ള 6-സീറ്ററിന് വരുന്നത് 31,000 ഡോളറും. അതിനാല്‍ അത്ര ചെലവ് കുറഞ്ഞതൊന്നുമല്ല ഈ രക്ഷപ്പെടല്‍. ഇന്ത്യയിലെ അപ്പര്‍ മിഡില്‍ ക്ലാസ് വിഭാഗത്തിലുള്ളവരുടെ ശരാശരി വരുമാനം 15,000 ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. കോവിഡ് വന്നാല്‍ വേണ്ടിവരുന്ന ഹോസ്പിറ്റല്‍ ചെലവിനേക്കാളും കുറവാണ് സ്വകാര്യ വിമാനത്തിന് വേണ്ടി വരുന്ന ചെലവെന്ന യുക്തിയാണ് പലരെയും രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നത്. കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ സ്വകാര്യ ജെറ്റിലെ ഈ രക്ഷപ്പെടല്‍കൊണ്ട് മാത്രം കാര്യമുണ്ടോയെന്ന് ചോദിച്ചാല്‍ ഈ പറക്കുന്നവര്‍ക്കൊന്നും ഒരു പക്ഷേ ഉത്തരമുണ്ടായേക്കില്ല.