ഇന്ത്യയുടെ വ്യാപാര കയറ്റുമതി മേയില്‍ 32 ബില്യണ്‍ ഡോളര്‍
1 min readന്യൂഡെല്‍ഹി: 2021 മെയ് മാസത്തില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 32.21 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് പ്രാഥമിക കണക്കുകള്‍. 2020 മെയ് മാസത്തിലെ 19.24 ബില്യണ്‍ ഡോളറിനേക്കാള്‍ 67.39 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
കോവിഡ് 19 ലോക്ക്ഡൗണ്‍ ഇല്ലാതിരുന്ന 2019 മേയ് മാസത്തിലെ 29.85 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 7.93 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രിലില്‍ രാജ്യത്തെ ചരക്ക് കയറ്റുമതി 30.63 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
കഴിഞ്ഞ മാസം ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 38.53 ബില്യണ്‍ ഡോളറായിരുന്നു. 2020 മേയിലെ 22.86 ബില്യണ്‍ ഡോളറിനേക്കാള്‍ 68.54 ശതമാനം വര്‍ധന. എന്നിരുന്നാലും, 2019 ഏപ്രിലിലെ 46.68 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയെ അപേക്ഷിച്ച് 17.47 ശതമാനം ഇടിവാണ് ഉണ്ടായത്.
മേയിലെ വ്യാപാരക്കമ്മി 6.32 ബില്യണ്‍ ഡോളറാണ്. ഇത് 2020 മേയിലെ 3.62 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരക്കമ്മിയേക്കാള്‍ 74.69 ശതമാനം വര്‍ധിച്ചു. കോവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ കുറഞ്ഞ സ്വാധീനം മാത്രമാണ് രണ്ടാം തരംഗം സൃഷ്ടിച്ചിട്ടുള്ളത്. വരുമാസങ്ങളില്‍ കയറ്റുമതിയില്‍ കൂടുതല്‍ തിരിച്ചുവരവ് പ്രകടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.