പ്രമുഖ കമ്പനികളുമായി ഐസിടി അക്കാഡമി ധാരണാപത്രം ഒപ്പുവെച്ചു
1 min readമൈക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നിവയുമായാണ് ധാരണയിലെത്തിയത്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുകയെന്ന ലക്ഷ്യത്തോടെ ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാഡമി ഓഫ് കേരള മൂന്ന് പ്രമുഖ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിടി അക്കാഡമി ധാരണയിലെത്തിയത്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനാണ് പുതിയ സഹകരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
പുതിയ പങ്കാളിത്തത്തിന്‍റെ നേട്ടം ഐസിടി അക്കാഡമിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ ഐസിടിഎകെ-യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എന്‍ജിനീയറിംഗ്,ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ഇന്‍ഡസ്ട്രിയിലെ പ്രധാന കമ്പനികളുമായുള്ള സഹകരണം ഉറപ്പാക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഐസിടി അക്കാഡമി ഓഫ് കേരള സിഇഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ് അഭിപ്രായപ്പെട്ടു.
മൈക്രോസോഫ്റ്റുമായി സഹകരണം ഉറപ്പാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെക്രോസോഫ്റ്റ് ലേണിങ് പദ്ധതി മുഖേനെ 1800 ല്‍ അധികം കോഴ്സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനം ഉറപ്പുവരുത്തുവാനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാനും സാധിക്കും. കൂടാതെ, മെക്രോസോഫ്റ്റുമായുള്ള ധാരണാപ്രകാരം എന്‍റോള്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ഉറപ്പക്കാനാകും.