ഐബിസിയില്‍ ഭേദഗതി, എംഎസ്എംഇ-കള്‍ക്കായി പ്രീ പാക്കേജ്ഡ് പരിഹാരം
1 min readന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പ്രീപാക്കേജ്ഡ് റെസൊലൂഷന്‍ പ്രക്രിയ അനുവദിക്കുന്നതിനായി 2016ലെ ഇന്‍സോള്‍വന്‍സി-ബാങ്കറപ്റ്റസി കോഡില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്തി. തിരിച്ചടവില്‍ വരുത്തിയിട്ടുള്ള വീഴ്ച ഒരു കോടി രൂപയില്‍ താഴെയാണെങ്കില്‍ പ്രീ-പാക്കേജ് പാപ്പരത്ത പരിഹാര പ്രക്രിയ അനുവദിക്കാന്‍ ഈ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് സാധിക്കും.
കൊറോണ വൈറസ് അണുബാധ തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25 മുതല്‍ ആറ് മാസത്തേക്ക് സര്‍ക്കാര്‍ പുതിയ പാപ്പരത്ത നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇത് 2020 ഡിസംബര്‍ 24 വരെയും പിന്നീട് 2021 മാര്‍ച്ച് 24 വരെയും നീട്ടി.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം എംഎസ്എംഇകള്‍ നിര്‍ണായകമാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. കാരണം, മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ഗണ്യമായ സംഭാവന നല്‍കുകയും ഗണ്യമായ ജനസംഖ്യയ്ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. എംഎസ്എംഇകളുടെ പാപ്പരത്ത നടപടികള്‍ സവിശേഷമായി പരിഗണിക്കേണ്ടതുണ്ടെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. അവയുടെ ബിസിനസ്സുകളുടെ സ്വഭാവവും ലളിതമായ കോര്‍പ്പറേറ്റ് ഘടനകളും പരിഗണിച്ച് അതിന്‍റെ പ്രത്യേക ആവശ്യകതകള്‍ വേഗത്തില്‍ പരിഗണിക്കപ്പെടണം.