ഹ്യുണ്ടായ് 7 സീറ്ററിന് പേര് അല്‍കസര്‍
ഹ്യുണ്ടായ് അല്‍കസര്‍ ഈ വര്‍ഷം ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കും
ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ പുതിയ 7 സീറ്റര്‍ പ്രീമിയം എസ്‌യുവിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ടാം തലമുറ ക്രെറ്റയുടെ 7 സീറ്റര്‍ വകഭേദത്തിന് അല്‍കസര്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 2020 ജൂണില്‍ അല്‍കസര്‍ പേരിന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹ്യുണ്ടായ് അല്‍കസര്‍ ഈ വര്‍ഷം ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തും. ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിക്കും.
മധ്യകാലഘട്ടത്തിലെ മൂറിഷ് ജനതയുടെ കോട്ട അല്ലെങ്കില്‍ കൊട്ടാരമാണ് അല്‍കസര്‍. 7 സീറ്റര്‍ ഹ്യുണ്ടായ് എസ്‌യുവിയുടെ പേരിന് ഇത്തരം കോട്ട അല്ലെങ്കില്‍ കൊട്ടാരമാണ് പ്രചോദനമായത്. അല്‍കസര്‍ പോലെ ആഡംബരം, വിശാലമായ സ്ഥലസൗകര്യം, ദൃഢത എന്നിവ വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് ഹ്യുണ്ടായ് ഉദ്ദേശിക്കുന്നു. മൂന്നാം നിര സീറ്റുകള്‍ ഉറപ്പിക്കുന്നതിന് ക്രെറ്റയേക്കാള്‍ നീളമുള്ളവനായിരിക്കും ഹ്യുണ്ടായുടെ 7 സീറ്റര്‍ എസ്‌യുവി. എന്നാല്‍ വലുപ്പം സംബന്ധിച്ച കൃത്യമായ അളവുകള്‍ക്ക് കാത്തിരുന്നേ മതിയാകൂ.
ഇന്ത്യയിലും ദക്ഷിണ കൊറിയയിലും ഹ്യുണ്ടായ് 7 സീറ്റര്‍ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ഇതിനിടെ പലപ്പോഴായി പുറത്തുവന്നിരുന്നു. ഹ്യുണ്ടായ് ക്രെറ്റയുടെ സ്റ്റൈലിംഗ് സൂചകങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ അലോയ് വീലുകള്‍, പുതിയ ടെയ്ല്‍ലാംപുകള്‍ സഹിതം പരിഷ്‌കരിച്ച പിന്‍ ഭാഗം, കാബിനകത്ത് കൂടുതല്‍ സ്ഥലസൗകര്യം എന്നിവ ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ മാറ്റങ്ങളായിരിക്കും. മെഷ് പാറ്റേണ്‍ സഹിതം കാസ്‌കേഡിംഗ് ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഇരട്ട എക്‌സോസ്റ്റ് പോര്‍ട്ടുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റൂഫ് റെയിലുകള്‍, നവീകരിച്ച ബംപറുകള്‍ എന്നിവ നല്‍കും.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ അധ്യായം ഈ വര്‍ഷം തുറക്കുമെന്നും തങ്ങള്‍ പുതിയ സെഗ്‌മെന്റിലേക്ക് പ്രവേശിക്കുകയാണെന്നും ആ സെഗ്‌മെന്റിനെ പുതിയ ഉല്‍പ്പന്നത്തിലൂടെ പുനര്‍നിര്‍വചിക്കുമെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡി ആന്‍ഡ് സിഇഒ എസ്എസ് കിം പറഞ്ഞു. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളികള്‍. പുതു തലമുറ മഹീന്ദ്ര എക്‌സ്‌യുവി 500 ഈ സെഗ്‌മെന്റിലേക്ക് വൈകാതെ കടന്നുവരും.