‘ഹഡില്‍ ഗ്ലോബല്‍’; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ആഗോള സമ്മേളനമായ ഹഡില്‍ കേരളയുടെ മൂന്നാം പതിപ്പായ ‘ഹഡില്‍ ഗ്ലോബലില്‍’ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) നേതൃത്വം നല്‍കുന്ന സമ്മേളനത്തിലെ സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം. കൊവിഡാനന്തര കാലഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപ-പങ്കാളിത്ത അവസരങ്ങളെ പ്രമേയമാക്കി ഡിസംബര്‍ 8 ,9 തീയതികളിലാണ് വെര്‍ച്വല്‍ സമ്മേളനം നടക്കുക.
നിക്ഷേപ, പങ്കാളിത്ത ബിസിനസ് അവസരങ്ങള്‍ നല്‍കി ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായി മാറിയ ഹഡില്‍ കേരളയിലേക്ക് സ്റ്റാര്‍ട്ടപ് ഇന്ത്യയുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് അംഗീകാരമുള്ള നൂതന ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമാണ് പ്രദര്‍ശനാവസരം. സ്റ്റാര്‍ട്ടപ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://bit.ly/HuddleStartupExpo എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക
ലോകത്തിന്‍റെ നാനാഭാഗത്തുള്ള വ്യവസായ പ്രതിനിധികളും കോര്‍പറേറ്റ് സ്ഥാപനങ്ങളും ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന പരിപാടിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച ബിസിനസ് അവസരങ്ങളാണ് കാത്തിരിക്കുന്നത്. നിക്ഷേപകരുള്‍പ്പെടെയുള്ളവരുമായി സംവദിക്കാനുള്ള അവസരവും സ്റ്റാര്‍ട്ടപ്പുകള്‍ ലഭിക്കും.
രണ്ടായിരത്തില്‍പരം ആളുകള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വികസിപ്പിച്ചെടുത്ത അതിനൂതന വെബ്പ്ലാറ്റ് ഫോമിലാണ് പരിപാടി. സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ആഗോള കാഴ്ചപ്പാട് ലഭ്യമാക്കുന്നതിന് റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, പാനല്‍ ചര്‍ച്ചകള്‍, വിവിധ സെഷനുകള്‍, പ്രഭാഷണം, നയപരമായ ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.