November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷാങ്ഹായ് ഓട്ടോ ഷോയില്‍ വാവെയ് കാര്‍ അനാവരണം ചെയ്തു

ഇലക്ട്രിക് വാഹന, വാഹനഘടക നിര്‍മാതാക്കളായ സെറെസുമായി ചേര്‍ന്ന് വാവെയ് സെറെസ് എസ്എഫ്5 എന്ന ഹൈബ്രിഡ് എസ്‌യുവി നിര്‍മിച്ചു 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വാവെയ് ഒടുവില്‍ ഓട്ടോമോട്ടീവ് ബിസിനസില്‍ പ്രവേശിച്ചു. കാലിഫോര്‍ണിയയിലെ സാന്താ ക്ലാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന, വാഹനഘടക നിര്‍മാതാക്കളായ സെറെസുമായി ചേര്‍ന്ന് ആദ്യ കാര്‍ വികസിപ്പിച്ചു. വാവെയ് സെറെസ് എസ്എഫ്5 എന്ന മോഡലാണ് നിര്‍മിച്ചത്. ഇപ്പോള്‍ നടന്നുവരുന്ന ഷാങ്ഹായ് ഓട്ടോ ഷോയില്‍ ഈ ഹൈബ്രിഡ് എസ്‌യുവി അനാവരണം ചെയ്തു. ചൈനയിലെ ചോംഗ്ക്വിംഗ് സോകോണ്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പിനുകീഴിലെ ഉപകമ്പനിയാണ് സെറെസ്. ചൈനയില്‍ വാവെയുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍ വഴി എസ്എഫ്5 വില്‍ക്കും.

രൂപകല്‍പ്പന പരിശോധിച്ചാല്‍, ക്രോസ്ഓവര്‍ ലുക്ക് നല്‍കിയാണ് വാവെയ് സെറെസ് എസ്എഫ്5 നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും മുന്നില്‍ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലൈറ്റുകള്‍, ബംപറുമായി ഭംഗിയായി സംയോജിപ്പിച്ച മെഷ് ഗ്രില്‍, സവിശേഷമായ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. ഷ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍ കൂടാതെ ഷാര്‍പ്പ് ബോഡിലൈനുകള്‍, കൂര്‍ത്തതുപോലെ റൂഫ്‌ലൈന്‍ എന്നിവ വശങ്ങളില്‍ കാണാം. പിറകില്‍ സ്ലിം എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ലൈറ്റ് സ്ട്രിപ്പ് നല്‍കി രണ്ട് ടെയ്ല്‍ലൈറ്റുകളെയും ബന്ധിപ്പിച്ചു. വലുപ്പം അളക്കുകയാണെങ്കില്‍, നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,700 എംഎം, 1,930 എംഎം, 1,625 എംഎം എന്നിങ്ങനെയാണ്. 2,875 മില്ലിമീറ്ററാണ് വീല്‍ബേസ്.

വാഹനത്തിന് അകത്ത്, ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ലളിതമാണ്. എന്നാല്‍ മധ്യത്തിലായി, ടെസ്‌ല കാറുകളില്‍ കാണുന്നതുപോലെ പോര്‍ട്രെയ്റ്റ് രൂപത്തില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. വുഡ് ഇന്‍സര്‍ട്ടുകള്‍, മെറ്റാലിക് അലങ്കാരങ്ങള്‍, തുകല്‍ അപോള്‍സ്റ്ററി എന്നിവ നല്‍കിയതോടെ പ്രീമിയം നിലവാരം ലഭിച്ചു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, മസാജ് ഫംഗ്ഷന്‍, പതിനൊന്ന് സ്പീക്കറുകളോടുകൂടിയ ഓഡിയോ സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലോ സ്പീഡ് ട്രാഫിക് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ സഹിതം ലെവല്‍ 2 പ്ലസ് ഓട്ടോമാറ്റിക് അസിസ്റ്റഡ് ഡ്രൈവിംഗ് മറ്റൊരു പ്രധാന ഫീച്ചറാണ്.

ബാറ്ററി പാക്ക് സഹിതം 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാവെയ് സെറെസ് എസ്എഫ്5 ഉപയോഗിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റില്‍ ബാറ്ററി പാക്ക് കരുത്തേകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ടായിരിക്കും. ആകെ 543 ബിഎച്ച്പി കരുത്തും 820 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മൂന്നക്ക വേഗത കൈവരിക്കാന്‍ 4.68 സെക്കന്‍ഡ് മതി. പൂര്‍ണ വൈദ്യുത മോഡില്‍ 180 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂര്‍ണമായി പെട്രോള്‍ നിറച്ചാല്‍ ആയിരത്തിലധികം കിലോമീറ്റര്‍ പിന്നെയും ഓടാം.

Maintained By : Studio3