മദ്യപാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ എങ്ങനെ ബാധിക്കുന്നു?
1 min readഅമിതമായി മദ്യപിക്കുന്നവരില്‍ വാക്‌സിന്റെ ഫലപ്രാപ്തി വരെ കുറയുമെന്ന്ണ് വിദഗ്ധര്‍ പറയുന്നത്
മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തതും മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് മരിക്കുകയും മാസങ്ങള്‍ക്ക് ശേഷം ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്നപ്പോള്‍ മദ്യം വാങ്ങാന്‍ ആളുകള്‍ ഒഴുകിയെത്തിയതുമായ എത്ര സംഭവങ്ങള്‍ക്കാണ് ലോക്ക്ഡൗണ്‍ കാലത്ത് നാം സാക്ഷിയായത്. ലോക്ക്ഡൗണ്‍ മൂലം ഒറ്റപ്പെടലും വി്ഷാദവും ഉത്കണ്ഠയും എല്ലാം വര്‍ധിച്ചപ്പോള്‍ പലര്‍ക്കും മദ്യമായിരുന്നു ആശ്രയം. പകര്‍ച്ചവ്യാധിക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് അനുഭവപ്പെട്ട അവശ്യ വസ്തുക്കളില്‍ പെടാത്ത ഒന്നായിരുന്നു മദ്യം.
മദ്യം പ്രതിരോധശേഷിയെ ബാധിക്കില്ലെന്നും ചിലപ്പോഴൊക്കെ മദ്യം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും മദ്യം കുടിച്ചാല്‍ കോവിഡ്-19 വരില്ലെന്നും വരെ പറഞ്ഞവര്‍ നമുക്കിടയിലുണ്ട്. അത് ശരിയാണോ, മദ്യപാനവും പ്രതിരോധശേഷിയും തമ്മില്‍ ബന്ധമുണ്ടോ?വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്.
മദ്യം ഒരു വ്യക്തിയുടെ പ്രാഥമിക പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നു: മദ്യത്തിന്റെ അമിതോപയോഗം മൂലം വെളുത്ത രക്താണുക്കളുടെ അളവ് കാര്യമായി കുറവുണ്ടാകും. വൈറസോ, ബാക്ടീരിയയോ ശരീരത്തിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെളുത്ത രക്താണുക്കള്‍.
മദ്യം പ്രതിരോധ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്നു: അമിതമായി മദ്യം കഴിക്കുന്നതിലൂടെ ശരീരത്തിലെ സൈറ്റോക്കൈന്‍ പ്രോട്ടീനിന്റെ അളവ് വളരെയധികം കുറയുന്നു. വൈറസ്, പ്രോട്ടീന്‍ തുടങ്ങിയ രോഗാണുക്കള്‍ ശരീരത്തിലേക്ക് കടക്കുന്നത് പ്രതിരോധ സംവിധാനത്തെ അറിയിക്കുന്ന മെസഞ്ചര്‍ പ്രോട്ടീന്‍ ആണ് സൈറ്റോക്കൈന്‍. സൈറ്റോക്കൈനിന്റെ അളവ് കുറയുന്നതോടെ രോഗാണുവിനെതിരായ ശരീരത്തിന്റെ പ്രതിരോധം പതുക്കെയാകുന്നു.
മദ്യം വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു: ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഒന്ന് സ്വാഭാവിക പ്രതിരോധ ശേഷിയും മറ്റേത് ആര്‍ജ്ജിത പ്രതിരോധ ശേഷിയും. സ്വാഭാവിക പ്രതിരോധ ശേഷി ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനമാണ്. എന്നാല്‍ ആര്‍ജ്ജിത പ്രതിരോധശേഷിയെന്നത് ഒരു വൈറസോ ബാക്ടീരിയയെ ശരീരത്തെ ആക്രമിച്ചതിന് ശേഷം രൂപപ്പെടുന്ന പ്രതിരോധ ശേഷിയാണ്.
മദ്യം അമാശയത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു: മദ്യത്തിന്റെ അമിതോപയോഗം മൂലം പ്രതിരോധ വ്യവസ്ഥയുമായി ബന്ധമുള്ള ആമാശയത്തിനുള്ളിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. മാത്രമല്ല മദ്യം ദഹനേന്ദ്രിയങ്ങളുടെ ആന്തരിക ആവരണത്തിന് കേട് വരുത്തുകയും അങ്ങവെ ബാക്ടീരിയകള്‍ രക്തത്തിലേക്ക് കലരാന്‍ ഇടയാകുകയും ചെയ്യുന്നു.
മദ്യോപയോഗം ന്യുമോണിയ, പള്‍മണറി രോഗങ്ങള്‍, ക്ഷയം, മറ്റ് ശ്വാസകോശ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു: പുകവലി കൊണ്ട് മാത്രമേ ശ്വാസകോശത്തിന് തകരാറുകള്‍ സംഭവിക്കുകയുള്ളുവെന്ന തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ മദ്യപാനവും ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമായേക്കാം.
വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനം മൂലം മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ സ്ഥിരമായ മദ്യപാനം ആരോഗ്യത്തിന് ആപത്താണ്, പ്രത്യേകിച്ച് മികച്ച പ്രതിരോധ ശേഷി ആവശ്യമായ ഇക്കാലത്ത്. സ്ഥിരമായി മദ്യപിക്കുന്ന ആളാണെങ്കിലും, ദിവസവുമുള്ള മദ്യപാനത്തില്‍ മാറ്റം വരുത്തിയാല്‍ പോലും പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട കോശങ്ങളുടെ അളവ് വളരെയധികം മെച്ചപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.