കോവിഡ് മര്യാദകള്‍ പാലിച്ചാല്‍, മൂന്നാംതരംഗം ആരോഗ്യ സംവിധാനത്തെ സമ്മര്‍ദ്ദത്തിലാക്കില്ല: ലവ് അഗര്‍വാള്‍
1 min readഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.2 ശതമാനം ആളുകള്‍ മാത്രമേ ഇതുവരെ കോവിഡ് രോഗ ബാധിതരായിട്ടുള്ളുവെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി
ന്യൂഡെല്‍ഹി: കാര്യക്ഷമമായ രോഗ നിര്‍മാര്‍ജന നടപടികളും കോവിഡ് മര്യാദകകളും പാലിച്ചാല്‍ മൂന്നാം തരംഗമുണ്ടായാലും കേസുകളുടെ എണ്ണം ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാക്കില്ലെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.2 ശതമാനം ആളുകള്‍ മാത്രമേ ഇതുവരെ കോവിഡ് രോഗ ബാധിതരായിട്ടുള്ളുവെന്നും അതിനാല്‍ രോഗഭീഷണി നിലനില്‍ക്കുന്ന 97 ശതമാനം ആളുകള്‍ക്കും സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജാഗ്രത കൈവിടരുതെന്നും രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങള്‍ തുടരുന്നത് വളരെ നിര്‍ണ്ണായകമാണെന്നും ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ്-19നെതിരായ വാക്‌സിനേഷന്‍ പരിപാടി നേരിടുന്ന പ്രധാന വെല്ലുവിളി വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ വിമുഖതയാണെന്നും ആരോഗ്യ മന്ത്രാലയത്തിലൈ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലവ് അഗര്‍വാള്‍ നിരീക്ഷിച്ചു. കോവിഡ്-19 വാക്‌സിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും, അപവാദങ്ങളും, കെട്ടുകഥകളും വ്യാജ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ക്കിടയില്‍ വ്യാപിക്കുകയാണെന്നും ഇവമൂലം നിരവധി വാക്‌സിന്‍ ഗുണഭോക്താക്കള്‍, പ്രത്യേകിച്ച് ഉള്‍ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ളവര്‍ വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം കെട്ടുകഥകള്‍ പൊളിക്കുന്നതിനൊപ്പം കോവിഡ് മര്യാദകള്‍ പാലിക്കേണ്ടതും വൈറസിന്റെ വ്യാപനം തടയാന്‍ അനിവാര്യമാണെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് യൂണിസെഫ് സംഘടിപ്പിച്ച മീഡിയ വര്‍ക്ക്‌ഷോപ്പില്‍ ലവ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത വാക്‌സിനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് നിലവില്‍ ലഭ്യമായ തെളിവുകള്‍ അനുസരിച്ച് വാക്‌സിനുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ആദ്യഡോസ് എടുത്ത വാക്‌സിന്‍ തന്നെ രണ്ടാം ഡോസിനായും ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥയായ വീണ ദവാന്‍ വ്യക്തമാക്കി.