November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം കണ്ണുകളെ ബാധിക്കുമോ?

1 min read

എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ഉണ്ടാകുന്ന കൃത്രിമ വായുവും താപനിലയിലെ വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ ശേഷി എന്നിവയെ ദോഷകരമായി ബാധിക്കുന്നു എന്നത് അറിയപ്പെടാത്ത വസ്തുതയാണെന്ന് അഗര്‍വാള്‍സ് നേത്രരോഗ ആശുപത്രി ഗ്രൂപ്പിലെ നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. ജോയ് എം മാത്യു.

ഡോ. ജോയ് എം മാത്യു

തുടര്‍ച്ചയായി എസി റൂമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ‘ഡ്രൈ ഐ’ , ‘ഡ്രൈ ഐ സിന്‍ഡ്രോം’ എന്നീ രോഗങ്ങള്‍ കണ്ടുവരുന്നതായും ഡോ. ജോയ് എം. മാത്യു പറഞ്ഞു. കണ്ണുകളിലെ വരള്‍ച്ച, അസ്വസ്ഥത, കരുകരുപ്പ്, ഒട്ടിപ്പിടിക്കല്‍, ചൊറിച്ചില്‍, പുകച്ചില്‍, തുടര്‍ച്ചയായി വെള്ളം വരല്‍, കാഴ്ച്ച മങ്ങല്‍, വായനയുടെ വേഗക്കുറവ് എന്നിവയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കണ്ണുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മതിയായ അളവിലും ഗുണനിലവാരമുള്ള കണ്ണുനീരും ആവശ്യമാണ്. എന്നാല്‍ എ സി-യുടെ ദീര്‍ഘകാല ഉപയോഗംമൂലം കണ്ണിലെ ടിയര്‍ ഫിലിമിന്‍റെ മൂന്ന് ജല പാളികളുടെ ഗുണ നിലവാരത്തിലും അളവിലും മാറ്റം സംഭവിക്കും. എയര്‍ കണ്ടീഷന്‍ ചെയ്യുന്ന മുറികളിലെ, പ്രത്യേകിച്ചു കുറഞ്ഞ താപനിലയുള്ള മുറികളില്‍, ഈര്‍പ്പം നഷ്ടപ്പെടുന്നതും വായു വളരെ വരണ്ടതായി മാറുന്നതും കണ്ണുകളെ ബാധിക്കും. ഇങ്ങനെ ലൂബ്രിക്കേഷന്‍ ഇല്ലാതാകുന്ന കണ്ണുകളില്‍ വീക്കം, അണുബാധ എന്നിവക്ക് സാധ്യത കൂടുതലാണ്. കൂടാതെ എയര്‍ കണ്ടിഷനിംഗ് സൗകര്യങ്ങളുടെ മോശം ശുചിത്വം വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനത്തിനും ഇടയാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

എയര്‍ കണ്ടീഷന്‍ ചെയ്ത റൂമുകളുടെ ഉപയോഗം കുറക്കുക, 23 ഡിഗ്രീ സെല്‍ഷ്യസിനും അതിന് മുകളിലും എസി യുടെ താപ നില ക്രമീകരിക്കുക, എസി ക്ക് അഭിമുഖമായി ഇരിക്കുന്നത് ഒഴിവാക്കുക എന്നിവ ഒരു പരിധിവരെ പ്രശ്ന ധപരിഹാരമാകുമെന്ന് ഡോ. ജോയ് എം മാത്യു ചൂണ്ടിക്കാട്ടുന്നു. എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള മുറികളുടെ മൂലകളില്‍ ഒരു തുറന്ന പാത്രത്തില്‍ ശുദ്ധ ജലം വയ്ക്കുന്നത് നല്ലതാണ്. അതുവഴി മുറിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ചര്‍മ്മത്തിനും കണ്ണിനും ഉണ്ടാകാവുന്ന വരള്‍ച്ചയുടെ തോത് കുറക്കുന്നതിനും സഹായിക്കും. ആവശ്യത്തിന് ദ്രാവകങ്ങള്‍ കഴിക്കുന്നതും, ഏഴ് മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ ഉറങ്ങുന്നതും, സണ്‍ ഗ്ലാസ് അല്ലങ്കില്‍ മറ്റ് സംരക്ഷിത കണ്ണടകള്‍ ധരിക്കുന്നതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ലൂബ്രിക്കേറ്റിങ് തുള്ളികള്‍ കണ്ണില്‍ ഒഴിക്കുന്നതും ഗുണം ചെയ്യും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വരണ്ട കണ്ണുകള്‍ ഉണ്ടാകുന്നത് തടയുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നേത്ര അണു ബാധ പിടിപെടാനും സാധ്യതയുണ്ട്. ഡ്രൈ ഐ, ഡ്രൈ ഐ സിന്‍ഡ്രോം രോഗത്തിന് ചികിത്സ വൈകുന്നത് കോര്‍ണിയ ഉപരിതലത്തിലെ ഉരച്ചില്‍, കോര്‍ണിയ അള്‍സര്‍, ഗുരുതരമായ കാഴ്ച്ച പ്രശ്നങ്ങള്‍ എന്നിവക്ക് കാരണമാകുമെന്നും നേത്ര ചികിത്സ രംഗത്തു നിരവധി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഡോ. ജോയ് വെളിപ്പെടുത്തി.

Maintained By : Studio3