കേരളത്തിന്‍റെ രുചിക്കൂട്ടുകള്‍ ലണ്ടനിലെത്തിച്ച ഹോട്ടല്‍വ്യവസായി
ഹരിദാസിന്‍റെ വിയോഗം; വിശ്വസിക്കാനാകാതെ ലണ്ടനിലെ മലയാളികള്‍
ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍ വ്യവസായ രംഗത്ത് കേരളത്തിന്‍റെ രുചിപ്പകര്‍ച്ചക്ക് കാരണക്കാരനായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഹരിദാസ്. ഹരിയേട്ടന്‍ എന്നവിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ തെക്കുംമുറി ഹരിദാസ് ലണ്ടനിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായിരുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തും റിട്ടയര്‍മെന്‍റിനുശേഷവും മലയാളികളുടെ ഏതാവശ്യത്തിനും മുന്നിട്ടിറങ്ങിയിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെയായിരുന്നു ഹരിയേട്ടന്‍ എന്നാണ് ലണ്ടനിലെ മലയാളികളുടെ ഇടയിലെ സംസാരം. പ്രതിസന്ധിഘട്ടത്തില്‍ ആര്‍ക്കും ആശ്രയിക്കാനാവുന്ന മികച്ച സംഘാടകനായിരുന്നു. ഈ കോവിഡ് കാലത്ത് ലണ്ടനിലെ മലയാളികള്‍ക്ക് സഹായങ്ങള്‍ ഏര്‍പ്പാടാക്കുന്നതില്‍ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. കുടുംബസമേതം അദ്ദേഹം ലണ്ടനില്‍ താമസിച്ചുവരികയായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഹൈക്കമ്മീഷനിലെ ജോലിക്കുശേഷം അദ്ദേഹം പുറത്ത് പാര്‍ട്ട്ടൈം ജോലിക്ക് പോയതാണ് ഹരിദാസിന്‍റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഹോട്ടലുകളിലാണ് അദ്ദേഹം ചെറിയ ജോലികള്‍ ചെയ്തുവന്നത്. പിന്നീട് അവിടെ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാന്‍ അവസരം ലഭിച്ചത് അദ്ദേഹത്തിന്‍റെ മുന്നോട്ടുള്ള ജീവിതപാത തന്നെ മാറ്റിവരച്ചു. പഠനത്തിനും ആവശ്യത്തിന് പ്രായോഗിക പരിജ്ഞാനത്തിനും ശേഷം അവിടെ ചെറിയ ഹോട്ടല്‍ ഏറ്റെടുത്ത് നടത്തി. ഇവിടെനിന്നും ലഭിച്ച ആത്മവിശ്വാസം അദ്ദേഹത്തെ ഒരു വ്യവസായ പ്രമുഖനുമാക്കി. മലബാര്‍ ജംഗ്ഷന്‍, രാധാകൃഷ്ണ തുടങ്ങിയ റെസ്റ്റോറന്‍റ് ഗ്രൂപ്പുകള്‍ അങ്ങനെയാണ് പിറവിയെടുത്തത്. ഒരു തികഞ്ഞ ഗുരുവായൂരപ്പ ഭക്തന്‍കൂടിയാരുന്നു ഹരിദാസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായികളായ രവിപിള്ള, യൂസഫലി തുടങ്ങിയവരുമായി അടുത്ത സൗഹൃദമുള്ളയാളായിരുന്നു ഹരിദാസ്. ലോകകേരളസഭാ പ്രതിനിധിയുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.