2021 ഹോണ്ട സിബി650ആര്, സിബിആര്‍650ആര് ഡെലിവറി ആരംഭിച്ചു
1 min readഗോള്‍ഡ് വിംഗ് ടൂറിന്റെ ആദ്യ ബാച്ചിലെ മുഴുവന്‍ ബൈക്കുകളും 24 മണിക്കൂറിനകം വിറ്റുതീര്‍ന്നു
കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിളുകള്‍ ഡെലിവറി ചെയ്തുതുടങ്ങി. മുംബൈയിലെ ബിഗ്വിംഗ് ടോപ്ലൈന്‍ ഷോറൂമില്‍നിന്ന് ഉപയോക്താക്കള്‍ക്ക് ബൈക്കുകള്‍ ഡെലിവറി ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഇളവുകളും കൊവിഡ് 19 പ്രോട്ടോക്കോളുകളും ഉറപ്പാക്കിയാണ് വാഹനങ്ങളുടെ വിതരണം തുടങ്ങിയത്.
സിബി650ആര്, സിബിആര്‍650ആര് എന്നീ നിയോ സ്പോര്‍ട്സ് കഫേ മോഡലുകളുടെ പതിനഞ്ച് ഉപയോക്താക്കള്‍ക്ക് ഒരേദിവസം തന്നെ താക്കോല്‍ കൈമാറി. ഇതിനുപുറമേ കമ്പനിയുടെ മുന്‍നിര സിബിയു ഇറക്കുമതി മോഡലായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ആദ്യ ബാച്ചിലെ മുഴുവന്‍ ബൈക്കുകളുടെയും ബുക്കിംഗ് 24 മണിക്കൂറിനകം പൂര്‍ത്തിയായി. ഗോള്‍ഡ് വിംഗ് ടൂര്‍ മോട്ടോര്‍സൈക്കിളിന്റെ ഗുരുഗ്രാം എക്സ് ഷോറൂം വില 37.20 ലക്ഷം രൂപ മുതലാണ്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും വിപണികള്‍ വീണ്ടും തുറക്കുകയും ചെയ്തതോടെ എല്ലാ ഹോണ്ട ബിഗ്വിംഗ് ടച്ച് പോയന്റുകളും അതത് സംസ്ഥാന പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തനസജ്ജമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഡയറക്റ്റര്‍ (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. വാഹനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉപയോക്താക്കളില്‍ ആവേശം സൃഷ്ടിക്കുംവിധം വിവിധ ഷോറൂമുകളില്‍ ഡെലിവറി ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.
പ്രകടനം, സുഖസൗകര്യം, ഉപയോഗക്ഷമത, പ്രായോഗികത എന്നിവ മെച്ചപ്പെടുത്തി നവീകരിച്ച സിബി650ആര്, സിബിആര്‍650ആര് എന്നിവയുടെ 2021 മോഡലുകള്‍ സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍) രീതിയിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. നിയോ സ്പോര്‍ട്സ് കഫെ സ്റ്റൈലിന് അനുസൃതമായാണ് രണ്ട് മോഡലുകളും ഡിസൈന്‍ ചെയ്തത്. 649 സിസി, ഡിഒഎച്ച്സി, 16 വാല്‍വ് എന്‍ജിനുകളാണ് ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. രണ്ട് ബൈക്കുകളിലും അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് നല്കി. പുതുക്കിയ 4-1 സൈഡ് എക്സ്ഹോസ്റ്റ് മറ്റൊരു ആകര്‍ഷണമാണ്.
പുതിയ സ്മാര്‍ട്ട് ഇഎസ്എസ് (എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍) സാങ്കേതികവിദ്യ, ഹോണ്ട ഇഗ്നിഷന്‍ സെക്യൂരിറ്റി സിസ്റ്റം (എച്ച്ഐഎസ്എസ്), ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള് (എച്ച്എസ്ടിസി) എന്നിവ ഇരു മോഡലുകളുടെയും സവിശേഷതയാണ്. സിബിആര്‍650ആര് മോട്ടോര്‍സൈക്കിളില്‍ പുതിയ റിഫ്ളക്ടറുകള്‍ സഹിതം ഇരട്ട എല്‍ഇഡി ഹെഡ്ലൈറ്റുകള്, എല്‍ഇഡി ടെയ്ല്‍ലൈറ്റ് എന്നിവ നല്കി. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റാണ് സിബി650ആര് മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. ഗിയറിന്റെ സ്ഥാനം, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡുവല്‍ ട്രിപ്പ് മീറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഇന്ധന നില, ഇന്ധന ഉപഭോഗം തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാരനെ അറിയിക്കാന്‍ തക്കവിധമാണ് ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജമാക്കിയത്.
കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനുകളില്‍ സിബി650ആര് മോട്ടോര്‍സൈക്കിളും ഗ്രാന്‍ഡ് പ്രി റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നീ കളര്‍ ഓപ്ഷനുകളില്‍ സിബിആര്‍650ആര് മോട്ടോര്‍സൈക്കിളും ലഭിക്കും. സിബിആര്‍650ആര് മോട്ടോര്‍സൈക്കിളിന് 8.88 ലക്ഷം രൂപയും സിബി650ആര് മോട്ടോര്‍സൈക്കിളിന് 8.67 ലക്ഷം രൂപയുമാണ് ഹരിയാണ എക്സ് ഷോറൂം വില. കൊച്ചിയിലേതുള്പ്പെടെയുള്ള എക്സ്ക്ലുസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ വഴിയും ബുക്കിംഗ് നടത്താം.