മിഷന് സമുദ്ര: കേരളത്തെ ‘പോര്‍ട്ട് സിറ്റി’യായി വികസിപ്പിക്കും
തിരുവനന്തപുരം: കേരളത്തെ പ്രമുഖ സമുദ്ര-ലോജിസ്റ്റിക്സ് ഹബ്ബായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിക്കാന്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി. ഡി. സതീശന് പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ‘റീഇമാജിനിംഗ് കേരളം’ കോണ്‍ക്ലേവില്‍ ‘മിഷന് സമുദ്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ‘മിഷന് സമുദ്ര’ പദ്ധതിക്ക് അന്തിമരൂപം നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിന് മഹത്തായ സമുദ്ര ചരിത്രമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിക്ക് സമീപമുള്ള പുരാതന തുറമുഖമായ മുസിരിസില്‍ നടന്ന പുരാവസ്തു ഖനനങ്ങളില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഇതിന് ഉദാഹരണമാണ്. ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് 31 രാജ്യങ്ങളുമായി കേരളത്തിന് വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്നും ആ സമുദ്ര പ്രതാപം വീണ്ടെടുക്കാനാണ് സംസ്ഥാനം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് ഏകദേശം 600 കിലോമീറ്റര്‍ തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര സമുദ്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും വിമാനത്താവളങ്ങളുമുണ്ട്. ഈ ആസ്തികളെയെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരൊറ്റ ‘പോര്‍ട്ട് സിറ്റി’യായി വികസിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചെറിയ തുറമുഖങ്ങള്‍ വികസിപ്പിക്കുകയും അവയ്ക്ക് ചുറ്റുമുള്ള കണക്റ്റിവിറ്റിയും സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യും. തുറമുഖങ്ങള്‍ക്ക് പുറത്തുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും (കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകളും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ) സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ദേശീയ പാത പദ്ധതികള്‍ പൂര്‍ത്തിയായാലും റോഡ് ഗതാഗതക്കുരുക്ക് ഒരു വെല്ലുവിളിയായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ചരക്ക് നീക്കത്തിന്റെ കുറഞ്ഞത് 50% എങ്കിലും റോഡുകളില്‍ നിന്ന് മാറി തീരദേശ-ജലഗതാഗത മാര്‍ഗ്ഗങ്ങളിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. നേരിട്ട് ബിസിനസ്സ് നടത്തുന്നതിന് പകരം സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികള്‍ക്ക് തുക കണ്ടെത്തുന്നതിനായി ഹഡ്കോ , ബാങ്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തിവരികയാണ്. ടൂറിസവും ഈ വികസന തന്ത്രത്തിന്റെ ഭാഗമായിരിക്കും. ദുബായ്, യു.എ.ഇ, ദോഹ തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കും സംസ്ഥാനത്തെ ചെറിയ തുറമുഖങ്ങളിലേക്കും ക്രൂയിസ് കണക്റ്റിവിറ്റി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ 44 നദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റിവര്‍ ക്രൂയിസുകളും പരിഗണിക്കും. ഈ മേഖലയില്‍ വിദഗ്ധരായ മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനായി മാരിടൈം ലോ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബ്ലൂ ഇക്കോണമിയുടെയും കടല്‍വിഭവ കയറ്റുമതിയുടെയും സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു കാലത്ത് മുന്‍പന്തിയിലായിരുന്ന കേരളത്തിന് കഴിഞ്ഞ പതിറ്റാണ്ടില്‍ ഈ മേഖലയില്‍ തിരിച്ചടിയുണ്ടായി. അതിനാല്‍ ആലപ്പുഴയെ ഒരു സീഫുഡ് ഹബ്ബായി വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി സീഫുഡ് പ്രോസസിംഗ്, മൂല്യവര്‍ദ്ധനവ്, കയറ്റുമതി എന്നിവ ശക്തിപ്പെടുത്തുന്നതിന് കയറ്റുമതിക്കാരുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചര്‍ച്ച നടത്തും. അക്വാകള്‍ച്ചറിനും (മത്സ്യകൃഷി) വലിയ പ്രാധാന്യം നല്‍കും. നിലവിലുള്ള നിയമങ്ങളും കൃഷിരീതികളും വികസനത്തിന് തടസ്സമാകുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
