ഒരുദിനം രണ്ടുലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ്
1 min readന്യൂഡെല്‍ഹി: തിങ്കളാഴ്ച രാജ്യത്ത് ആരോഗ്യസംരക്ഷകരും മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തി. ഇതോടെ പ്രതിരോധ കുത്തിവെയ്പ് സ്വീകരിക്കുന്നവരുടെ എണ്ണം ആറ് ദശലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തൊട്ടാകെ നടന്ന 8,257 സെഷനുകളിലൂടെ തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ 2,23,298 ഗുണഭോക്താക്കള്‍ക്കാണ് കുത്തിവെയ്പ് നടത്തിയതെന്ന് മന്ത്രാലയം പങ്കിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കുത്തിവയ്പ് നല്‍കിയ ആരോഗ്യസംരക്ഷണ, മുന്‍നിര തൊഴിലാളികളുടെ എണ്ണം ഇതുവരെ നടന്ന 1,24,744 സെഷനുകളിലൂടെ 60,35,660 ത്തിലെത്തി. ഇവരില്‍ 54,12,270 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ബാക്കി 6,23,390 പേര്‍ മുന്‍നിര ജീവനക്കാരുമാണ്. അതേസമയം, വാക്‌സിന്‍ ഗുണഭോക്താക്കളുടെ മരണസംഖ്യ 23 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 29 കാരിയായ ഒരു സ്ത്രീ, ആന്ധ്രാപ്രദേശിലെ ശ്രീകാകുളം നിവാസിയാണ് മരണമടഞ്ഞത്. എന്നിരുന്നാലും, ഈ മരണങ്ങളൊന്നും കോവിഡ് -19 വാക്‌സിനേഷനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ ഡോസുകള്‍ സ്വീകരിച്ച ശേഷം 29 പേരെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 29 കേസുകളില്‍ 19 എണ്ണം ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു, ഒമ്പത് പേര്‍ മരിച്ചു.