നാല്‍പ്പത് ശതമാനം വിഹിതവുമായി ഇന്ത്യന്‍ ആപ്പുകള്‍

2020 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 30 വരെ 7.3 ബില്യണ്‍ ഇന്‍സ്റ്റാളുകളാണ് ഇന്ത്യയില്‍ നടന്നത്
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് രാജ്യത്തെ ആപ്പുകളെ വലിയ തോതിലാണ് സഹായിച്ചത്. പ്രത്യേകിച്ച് 2020 രണ്ടാം പകുതിയില്‍ ഇന്ത്യയിലെ ആപ്പുകള്‍ സാഹചര്യം കൃത്യമായി പ്രയോജനപ്പെടുത്തി. ഇന്ത്യയിലെ ആകെ ആപ്പ് ഇന്‍സ്റ്റാള്‍ കണക്കുകളില്‍ ആധിപത്യം നേടാന്‍ ആഭ്യന്തര ആപ്പുകള്‍ക്കായി. നാല്‍പ്പത് ശതമാനമാണ് വിപണി വിഹിതം. ഇതേസമയം ചൈനീസ് ആപ്പുകളുടെ ആകെ വിപണി വിഹിതം 29 ശതമാനമായി കുറഞ്ഞു.
2020 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 30 വരെ 7.3 ബില്യണ്‍ ഇന്‍സ്റ്റാളുകളാണ് ഇന്ത്യയില്‍ നടന്നത്. ഇതില്‍ വിനോദം, ധനകാര്യം, ഷോപ്പിംഗ്, ഗെയിമിംഗ്, യാത്ര, വാര്‍ത്ത, ഭക്ഷണം, പാനീയം, യൂട്ടിലിറ്റി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 4,519 ആപ്പുകളും ഉള്‍പ്പെടുന്നു. ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ ഇന്ത്യയില്‍ തദ്ദേശീയ ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരുന്നു. ഷെയര്‍ചാറ്റ്, ജോഷ്, മോജ്, മിത്രോം, ചിങ്കാരി, റോപോസോ, ട്രെല്‍ തുടങ്ങിയ ആപ്പുകള്‍ക്കാണ് ഡിമാന്‍ഡ് വര്‍ധിച്ചത്.
ഇന്ത്യയിലെ ആകെ മൊബീല്‍ ഉപയോഗം ഇതോടൊപ്പം വര്‍ധിച്ചു. മാത്രമല്ല, രാജ്യത്തെ അര്‍ധ നഗര പ്രദേശങ്ങളിലാണ് മൊബീല്‍ ഉപയോഗം ഏറ്റവും കൂടുതല്‍. ഇതുവഴി യുവജനങ്ങളായ ഡിജിറ്റല്‍ ഉപയോക്താക്കളെ നേടാനുള്ള വലിയ അവസരമാണ് വന്നുചേര്‍ന്നത്.
2020 ല്‍ ആപ്പ് ഇന്‍സ്റ്റാള്‍ കണക്കുകളില്‍ ചൈനയെയും അമേരിക്കയെയും പിന്നിലാക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞു. 38.5 ശതമാനം വിപണി വിഹിതവുമായി ആപ്പ് ഇന്‍സ്റ്റാള്‍ എണ്ണം വര്‍ധിച്ചു. ഇന്ത്യയില്‍ നോണ്‍ ഓര്‍ഗാനിക് ഇന്‍സ്റ്റാള്‍ (എന്‍ഒഐ) കണക്കുകളില്‍ ഉത്തര്‍ പ്രദേശാണ് മുന്നില്‍. 12.10 ശതമാനം. 11.49 ശതമാനവുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍.
ഇസ്രയേല്‍, യുഎസ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ ആപ്പുകളും അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വേരുകളാഴ്ത്തി. ചൈനീസ് ആപ്പുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ പ്രവണത. പ്രാദേശിക ഉള്ളടക്കമാണ് ആപ്പുകളെ പ്രധാനമായും ഇതിനു സഹായിച്ചത്.