ഗ്രാമീണ-കാര്‍ഷിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതിക പരിഹാരം തേടി കെഎസ് യുഎം ഹാക്കത്തോണ്‍
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. കെഎസ് യുഎമ്മും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സിപിസിആര്‍ഐ) സംയുക്തമായി ജൂണ്‍ 9 മുതല്‍ 13 വരെ കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് സമ്മേളനത്തിന്‍റെ ഭാഗമായാണ് ഹാക്കത്തോണ്‍ നടക്കുക.
ഹാക്കത്തോണിന് വിന്‍ടച്ച് പാംമെഡോസും സമ്മേളനത്തിന് കാസര്‍ഗോഡ് സിപിസിആര്‍ഐയും വേദിയാകും. ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതിനും ഹാക്കത്തോണ്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സാങ്കേതിക സഹായം ആവശ്യമായ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും അനുബന്ധമായി ആധികാരിക വിവരം നല്‍കാന്‍ നൈപുണ്യമുള്ള സിപിസിആര്‍ഐയിലെ ഗവേഷകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ നമ്പറുകളും സമ്മേളനത്തിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
സാങ്കേതിക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം. മികച്ച പരിഹാരം നിര്‍ദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്ന ജേതാവിന് 50000 രൂപയാണ് സമ്മാനം. കൂടാതെ 12 ലക്ഷം രൂപവരെ ലഭ്യമാകുന്ന കെഎസ് യുഎമ്മിന്‍റെ ഇന്നൊവേഷന്‍ ഗ്രാന്‍റിനായി നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളില്‍ പരിഹാരം നിര്‍ദേശിക്കുന്നവര്‍ക്ക് സിപിസിആര്‍ഐയുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിനും അവസരം ലഭിക്കും.
ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://startupmission.in/rural_business_conclave/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. അവസാന തിയതി മേയ് 26. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847344692, 7736495689.