Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ക്കാര്‍ ഒടിടി പ്ലാറ്റ് ഫോം ‘സിസ്പേസ്’ നവംബര്‍ ഒന്നു മുതല്‍

1 min read

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം ‘സിസ്പേസ്’ പ്രവര്‍ത്തന സജ്ജമാകുന്നു. പ്രമുഖ സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്‍ററികളും ഇഷ്ടാനുസരണം ആസ്വദിക്കാനാവുന്ന സംരംഭത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) ആഭിമുഖ്യത്തിലുള്ള ഒടിടി പ്ലാറ്റ് ഫോം സിസ്പേസ് പ്രഖ്യാപിച്ചത്.

രാജ്യത്തെ ആദ്യ സര്‍ക്കാര്‍തല ഉദ്യമമായ ഒടിടി പ്ലാറ്റ് ഫോം ചലച്ചിത്രമേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണെന്നും മലയാള സിനിമയുടെ വളര്‍ച്ചയക്ക് ഇത് വഴിത്തിരിവാകുമെന്നും ഓണ്‍ലൈന്‍ സന്ദേശത്തില്‍ മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിസ്പേസില്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ രജിസ്ട്രേഷന്‍ ജൂണ്‍ 1 ന് ആരംഭിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയിലും കെഎസ്എഫ്ഡിസി ആസ്ഥാനത്തും രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

  ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധി നിര്‍ണായകമാകുമെന്ന് വിദഗ്ധന്‍

തിയേറ്റര്‍ വ്യവസായത്തിന് ഒടിടി പ്രതിസന്ധി സൃഷ്ടിക്കില്ല. തിയേറ്റര്‍ റിലീസിനു ശേഷം മാത്രമാണ് സിസ്പേസിലെ പ്രദര്‍ശനം. ലാഭവിഹിതം പങ്കുവയ്ക്കലും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സിസ്പേസിന്‍റെ മുഖമുദ്ര. സിസ്പേസില്‍ സ്ട്രീം ചെയ്യുന്ന ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഓഹരി വിഹിതം ലഭിക്കും. ബോക്സോഫീസിലെ പ്രകടനം കണക്കാക്കാതെ കലാമൂല്യമുള്ള ചിത്രങ്ങളും രാജ്യാന്തര അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ചിത്രങ്ങളും ഐഎഫ്എഫ്കെയിലെ മികച്ച ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്കുമെന്‍ററികളും ഒടിടി പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്എഫ്ഡിസിയുടെ ആധുനികവല്‍ക്കരണ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ തിയേറ്ററുകള്‍ നവീകരിക്കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയെ ഇഷ്ട ഷൂട്ടിംഗ് ലൊക്കേഷനാക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഇന്‍റര്‍നെറ്റ് യുഗത്തില്‍ ഒടിടിക്ക് ആഗോള പ്രതിച്ഛായ ഉണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഇതിലൂടെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സിനിമ ആസ്വദിക്കാനാകും. സിസ്പേസ് സുതാര്യത ഉറപ്പുവരുത്തുന്നുണ്ട്. ഇതിലൂടെ നിര്‍മ്മാതാവിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ തന്‍റെ ബൗദ്ധിക സമ്പത്തില്‍ നിന്നും ദീര്‍ഘകാലം വരുമാനം ലഭിക്കും. ഒടിടി പ്ലാറ്റ് ഫോം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒടിടി പ്ലാറ്റ് ഫോം ഒരിക്കലും തിയേറ്റര്‍ ബിസിനസിനെ ബാധിക്കയില്ലെന്ന് കെഎസ്എഫ്ഡിസി എംഡി എന്‍ മായ ഐഎഫ്എസ് പറഞ്ഞു. അത്യാധുനിക സാങ്കേതിക മികവോടെ സിനിമകളേയും ഹ്രസ്വചിത്രങ്ങളേയും പുരസ്കാരം നേടിയ ഡോക്കുമെന്‍ററികളേയും ആസ്വദിക്കുന്നതിനുള്ള വേദിയാണിത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ കാശ്കൊടുത്ത് സിസ്പേസില്‍ കാണാം. ഈ തുകയുടെ ഒരു വിഹിതം നിര്‍മ്മാതാവിന് ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
Maintained By : Studio3