ജനുവരിയില്‍ ജിഎസ്ടി സമാഹരണം എക്കാലത്തെയും ഉയര്‍ന്ന തലത്തില്‍
1 min readജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന തുടര്‍ച്ചയായ നാലാമത്തെ മാസമാണിത്
ന്യൂഡെല്‍ഹി: കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനുശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ജിഎസ്ടി സമാഹരരണം ജനുവരിയില്‍ എക്കാലത്തെയും ഉയര്‍ന്ന തലമായ 1.20 ലക്ഷം കോടി രൂപയിലേക്ക് എത്തി. 2020 ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വര്‍ധനയാണ് 2021ലെ ജിഎസ്ടി സമാഹരണത്തില്‍ പ്രകടമായിട്ടുള്ളത്. 2017 ജൂലൈയില്‍ രാജ്യവ്യാപകമായി പുതിയ നികുതി സമ്പ്രദായം നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നികുതി കളക്ഷനാണ് രേഖപ്പെടുത്തിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു. 2020 ഡിസംബറില്‍ 1,15,174 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ സമാഹരിച്ചത്.
ശക്തമായ വീണ്ടെടുക്കലിന്റെ അടയാളമായി കണക്കാക്കാവുന്ന തരത്തില്‍ ജിഎസ്ടി സമാഹരണം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന തുടര്‍ച്ചയായ നാലാമത്തെ മാസമാണിത്. ഡിസംബറില്‍ സമര്‍പ്പിച്ച ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍ 90 ലക്ഷം ആണെന്നും ധന മന്ത്രാലയം പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കുന്നു. ഇതും ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള റെക്കോര്‍ഡ് ആണ്.
ധനക്കമ്മി വലിയ രീതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക നല്‍കുന്ന സാഹചര്യത്തില്‍ ജിഎസ്ടി സമാഹരണത്തില്‍ സ്ഥിരത പ്രകടമാകുന്നത് ആശ്വാസകരമായ കാര്യമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ ഉണ്ടായ കാലതാമസവും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിന് സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ 6000 കോടി രൂപയുടെ വിവിധ ഗഡുക്കളായി ഈ കുടിശിക തുക കേന്ദ്രം നല്‍കിക്കൊണ്ടിരിക്കുകയാണ്.
ജിഎസ്ടി റിട്ടേണുകളുടെ വാര്‍ഷിക ഫയലിംഗിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നതുംകണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചില ബിസിനസുകള്‍ അവസാന ഘട്ടത്തില്‍ തങ്ങളുടെ മുഴുവന്‍ നികുതിയ ബാധ്യതയും വെളിപ്പെടുത്തി ഉയര്‍ന്ന നികുതി അടച്ചിട്ടുണ്ടാകാം. ഡിസംബറിലെ വില്‍പ്പന അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ ഫയലിംഗിന്റെ വിവരങ്ങള്‍ പ്രകാരം ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 16 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.