ഏപ്രിലിലെ ജിഎസ്ടി കളക്ഷന്‍ 1.41 ലക്ഷം കോടി
1 min readന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധി മൂലമുണ്ടായ തകര്‍ച്ചയില്‍ നിന്ന് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനിടെ ജിഎസ്ടി സമാഹരണം പുതിയ റെക്കോഡില്‍. ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തി. മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 1,41,384 കോടി രൂപയാണെന്ന് ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. അത് മുന്‍ മാസത്തേക്കാള്‍ 14% കൂടുതലാണ്. ജിഎസ്ടി വരുമാനം തുടര്‍ച്ചയായ ഏഴാമത്തെ മാസമാണ് ഒരു ലക്ഷം കോടിക്ക് മുകളില്‍ സ്ഥിരത പ്രകടമാക്കുന്നത്.
കേന്ദ്ര ജിഎസ്ടി ഇനത്തില്‍ ഏപ്രിലില്‍ 27,837 കോടി രൂപയുടെ സമാഹരണമാണ് നടന്നത്. സംസ്ഥാന ജിഎസ്ടി ആയി 35,621 കോടി രൂപയും സംയോജിത ജിഎസ്ടി ആയി 68,481 കോടി രൂപയും സമാഹരിക്കപ്പെട്ടു. 9,445 കോടി രൂപയാണ് സെസ് ഇനത്തില്‍ പിരിച്ചത്. സംയോജിത ജിഎസ്ടി-യുടെ വിഭജിക്കലിന് ശേഷം കേന്ദ്ര ജിഎസ്ടിയില്‍ 57,022 കോടി രൂപയും സംസ്ഥാന ജിഎസ്ടിയില്‍ 58,377 കോടി രൂപയുമാണ് ഉള്ളത്.
മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ അവരുടെ ബുക്കുകള്‍ പൂര്‍ത്തിയാക്കിയതും അതിന്‍റെ ഭാഗമായി കൂടുതല്‍ ഇന്‍വോയ്സുകള്‍ ഉന്നയിക്കപ്പെട്ടതും ഏപ്രിലില്‍ ഉയര്‍ന്ന കളക്ഷന് വഴിവെച്ചു. ഇതിനൊപ്പം സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടതും കൂടുതല്‍ ബിസിനസുകള്‍ കൃത്യമായി നികുതി പാലിക്കുന്നതിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.