കൂടുതല്‍ കമ്പനികള്‍ എസ്എംസി വിഭാഗത്തിലേക്ക്
1 min readഭേദഗതികള്‍ എക്കൗണ്ടിംഗ് മാനദണ്ഡങ്ങളുടെ പ്രയോഗം കൂടുതല്‍ ലളിതമാക്കും
ന്യൂഡെല്‍ഹി: എക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്‍റെ ഭാഗമായി ചെറുകിട, ഇടത്തരം കമ്പനികളുടെ (എസ്എംസി) നിര്‍വചനത്തില്‍ മാറ്റം വരുത്തി കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം (എംസിഎ). ഇതോടെ കൂടുതല്‍ കമ്പനികള്‍ എസ്എംഇ വിഭാഗത്തിലേക്ക് വരും. വിറ്റുവരവ്, വായ്പാ എന്നിവയില്‍ എസ്എംഇ വിഭാഗത്തിന് നിശ്ചയിച്ചിരുന്ന പരിധി ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.
ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും ഓഹരി വിപണികളില്‍ ഓഹരികളോ കടപ്പത്രങ്ങളോ വില്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടില്ലാത്തതും ലിസ്റ്റ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ലാത്തതുമായ കമ്പനികളെയാണ് ചെറുകിട- ഇടത്തരം വലുപ്പമുള്ള കമ്പനികളായി പരിഗണിക്കുകയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിജ്ഞാപനം വ്യക്തമാക്കുന്നു. പുതുക്കിയ നിര്‍വചനം അനുസരിച്ച്, എസ്എംസികളുടെ മറ്റ് വരുമാനം ഒഴികെയുള്ള വിറ്റുവരവ് തൊട്ടടുത്ത എക്കൗണ്ടിംഗ് വര്‍ഷത്തില്‍ 250 കോടി കവിയരുത്. കൂടാതെ പൊതു നിക്ഷേപം ഉള്‍പ്പെടെയുള്ള വായ്പകള്‍ തൊട്ടടുത്ത എക്കൗണ്ടിംഗ് വര്‍ഷത്തിലെ ഒരു ഘട്ടത്തിലും 50 കോടിയിലധികം കവിയരുത്.
കോര്‍പ്പറേറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭേദഗതികള്‍ എക്കൗണ്ടിംഗ് മാനദണ്ഡങ്ങളുടെ പ്രയോഗം കൂടുതല്‍ ലളിതമാക്കും. സങ്കീര്‍ണ്ണത കുറയ്ക്കുകയും പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. നിയമപ്രകാരം സമര്‍പ്പിക്കേണ്ട വെളിപ്പെടുത്തലുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2013ലെ കമ്പനി നിയമ പ്രകാരമാണ് എക്കൗണ്ടിംഗ് സ്റ്റാന്‍റേര്‍ഡുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത്.
ചെറുകിട ബിസിനസുകളുടെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായിി രൂപകല്‍പ്പന ചെയ്ത എക്കൗണ്ടിംഗ് മാനദണ്ഡമാണ് വിജ്ഞാപനം അനുസരിച്ച് നിലവില്‍ വരുന്നതെന്ന് ഡെലോയിറ്റ് ഇന്ത്യാ പാര്‍ട്ണര്‍ വികാസ് ബഗാരിയ പറഞ്ഞു. എസ്എംസിയുടെ എക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകള്‍ 2006 ഡിസംബറില്‍ വിജ്ഞാപനം ചെയ്യപ്പെട്ട ശേഷം കാലാകാലങ്ങളില്‍ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ എക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡുകളുമായി വളരേ ലളിതമാണ് ചെറുകിട-ഇടത്തരം കമ്പനികള്‍ക്കായുള്ള എക്കൗണ്ടിംഗ് മാനദണ്ഡങ്ങള്‍.
നോണ്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഐസിഎഐ നടപ്പാക്കിയിതിനു സമാനമായ പരിധികളാണ് ഇപ്പോള്‍ വിറ്റുവരവ്, വായ്പ എന്നിവയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും നടപ്പാക്കുന്നതെന്ന് എസ്ആര്‍ ബാറ്റ്ലിബോയ് ആന്‍ഡ് കോ എല്‍എല്‍പിയിലെ പാര്‍ട്ണര്‍ സഞ്ജീവ് സിംഗാള്‍ പറഞ്ഞു. സ്വാഗതാര്‍ഹമായ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.