ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബറില്‍; 6 ഗിഗാ ഫാക്റ്ററികള്‍
1 min read- ജിയോഫോണ്‍ നെക്സ്റ്റ് വികസിപ്പിച്ചത് റിലയന്‍സും ഗൂഗിളും ചേര്‍ന്ന്
- വിപണിയിലെത്തുക ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍
- നവ ഊര്‍ജ ബിസിനസുകളില്‍ 75,000 കോടി നിക്ഷേപിക്കും
- സൗദി അരാംകോ ചെയര്‍മാന്‍ റിലയന്‍സ് ബോര്‍ഡില്‍
- 2030 ആകുമ്പോഴേക്കും 100 ഗിഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കും
മുംബൈ: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഗൂഗിളും റിലയന്‍സും ചേര്‍ന്ന് വികസിപ്പിച്ച ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണാണ് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 10 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ 44ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അംബാനിയുടെ പ്രഖ്യാപനം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പൊതുയോഗം നടന്നത്. മഹാമാരി നാശം വിതച്ച പ്രതിസന്ധിയുടെ കാലത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മികച്ച വരുമാനം നേടാന്‍ സാധിച്ചതായി അംബാനി പറഞ്ഞു. 5,40,000 കോടി രൂപയാണ് വരുമാന ഇനത്തില്‍ കമ്പനിക്ക് ലഭിച്ചത്.
പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിന്‍റെ ഭാഗമായി നാല് ഗിഗാ ഫാക്റ്ററികളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മിക്കും. നവ ഊര്‍ജ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക ആയിരിക്കും ഇതിന്‍റെ ലക്ഷ്യം. സംശുദ്ധ ഊര്‍ജ സ്രോതസുകളുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു.
വളരെ താങ്ങാവുന്ന വിലയില്‍ ഫീച്ചര്‍ റിച്ച് ആയ ഫോണ്‍ ലഭ്യമാക്കുകയാണ് ജിയോഫോണ്‍ നെക്സ്റ്റിലൂടെ പദ്ധതിയിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. ഡിജിറ്റല്‍ കണക്റ്റിവിറ്റി ജനാധിപത്യവല്‍ക്കരിക്കാന്‍ ജിയോയ്ക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിയോയുടെയും ഗൂഗിളിന്‍റെയും മുഴുവന്‍ ആപ്ലിക്കേഷനുകളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ് ജിയോഫോണ്‍ നെക്സ്റ്റ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തന്നെയാണ് ഫോണ്‍ വിപണിയിലെത്തുക.
രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി കമ്പനിയെന്ന സ്ഥാനവും റിലയന്‍സ് നിലനിര്‍ത്തിയതായി അംബാനി പറഞ്ഞു. ഇന്ത്യയുടെ മൊത്തം മെര്‍ക്കന്‍ഡൈസ് കയറ്റുമതിയുടെ 6.8 ശതമാനം റിലയന്‍സിന് അവകാശപ്പെട്ടതാണ്.
സോളാര്‍ മാപ്പില്‍ ഇന്ത്യ
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാകും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സൗരോര്‍ജവുമായി ബന്ധപ്പെട്ട് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുക. ആഗോള സൗരോര്‍ജ ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം നവശോഭയോടെ അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അംബാനി പറയുന്നു. 2035 ആകുമ്പോഴേക്കും കാര്‍ബണ്‍ സീറോ തലത്തിലേക്ക് തങ്ങള്‍ ഉയരുമെന്നും അംബാനി വ്യക്തമാക്കി. ആഗോള ഊര്‍ജ രംഗം മാറ്റിമറിക്കുന്നതില്‍ ഏറ്റവും വലിയ ഊര്‍ജ വിപണിയെന്ന നിലയില്‍ ഇന്ത്യ പ്രധാന പങ്കുവഹിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ പറഞ്ഞു. റിലയന്‍സിന്‍റെ സംശുദ്ധ ഊര്‍ജ ബിസിനസ് എല്ലാ തലത്തിലും ആഗോളമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്സ് ജാംനഗറില്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ റിലയന്‍സ് ആരംഭിച്ചുകഴിഞ്ഞു. 5,000 ഏക്കറിലാണ് ഈ മെഗാ സമുച്ചയം വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍റഗ്രേറ്റഡ് റിന്യുവബിള്‍ എനര്‍ജി മാനുഫാക്ച്ചറിംഗ് സംവിധാനമായിരിക്കും ഇത്.