ഹസ്തദാന ഇമോജിയുമായി ഗൂഗിള്‍, അടുത്ത വര്‍ഷമായിരിക്കും റിലീസ്
വിവിധ സ്‌കിന്‍ ടോണുകളില്‍ ഹാന്‍ഡ്‌ഷേക്ക് ഇമോജി ലഭ്യമായിരിക്കും. 25 ഓപ്ഷനുകളില്‍ പുറത്തിറക്കും
ന്യൂഡെല്‍ഹി: ഹസ്തദാനം സൂചിപ്പിക്കുന്ന പുതിയ ഇമോജി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. വിവിധ സ്‌കിന്‍ ടോണുകളില്‍ ഹാന്‍ഡ്‌ഷേക്ക് ഇമോജി ലഭ്യമായിരിക്കും. 25 ഓപ്ഷനുകളില്‍ ഹസ്തദാന ഇമോജി പുറത്തിറക്കും. ഇമോജി 14.0 എന്ന അടുത്ത റിലീസ് പുറത്തിറങ്ങുന്നതോടെ ഹസ്തദാന ഇമോജി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അടുത്ത വര്‍ഷമായിരിക്കും റിലീസ്. സാങ്കേതിക ജോലികളും കൊവിഡ് മഹാമാരിയുമാണ് മള്‍ട്ടി സ്‌കിന്‍ ടോണ്‍ ഹാന്‍ഡ്‌ഷേക്ക് ഇമോജിയുടെ റിലീസ് വൈകിപ്പിച്ചത്.
മറ്റൊരു വാര്‍ത്തയായി, ഗൂഗിളിന്റെ ജനപ്രിയ വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമായ ഗൂഗിള്‍ മീറ്റ് വഴിയുള്ള സൗജന്യ കോളുകള്‍ ഈ വര്‍ഷം ജൂണ്‍ വരെ തുടരുമെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ 2020 സെപ്റ്റംബര്‍ 30 വരെയാണ് ഗൂഗിള്‍ മീറ്റ് സൗജന്യമായി ലഭ്യമാക്കിയിരുന്നത്. എന്നാല്‍ ലോകമെങ്ങും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവന്നതും കൂടുതല്‍ കൂടുതല്‍ ആളുകള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് കണക്കിലെടുത്തും സൗജന്യ വീഡിയോ കോളിംഗ് സേവനം ഈ വര്‍ഷം മാര്‍ച്ച് വരെ നീട്ടിയിരുന്നു.
ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് 24 മണിക്കൂര്‍ വരെ സൗജന്യ കോളുകള്‍ തുടരാന്‍ കഴിയും. മഹാമാരിക്കുമുമ്പ് അറുപത് മിനിറ്റ് നേരമെന്ന പരിധി ഉണ്ടായിരുന്നു. ഒരു റൂം ഹോസ്റ്റ് ചെയ്ത് മീറ്റിംഗ് നടത്തുന്നതിന് നൂറുപേരെ വരെ ചേര്‍ക്കാന്‍ കഴിയും. കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന് ഗൂഗിള്‍ വര്‍ക്ക്സ്പേസ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വാങ്ങേണ്ടിവരും. അങ്ങനെയെങ്കില്‍ 250 പേരെ വരെ ചേര്‍ക്കാം.