Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

5ജി പരീക്ഷണത്തിനുള്ള 13 അപേക്ഷകള്‍ക്ക് അംഗീകാരം; ചൈനീസ് കമ്പനികളില്ല

1 min read

5ജി-ക്കായി ഉടന്‍ 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ എയര്‍വേവ്സ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്

ന്യൂഡെല്‍ഹി: 5 ജി ട്രയലുകള്‍ക്കായുള്ള 13 അപേക്ഷകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ എന്നിവ ഉള്‍പ്പെടുന്നില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഎസ്എന്‍എല്‍ 5ജി പരീക്ഷണങ്ങള്‍ക്കായി സി-ഡോട്ടുമായി സഹകരിക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ എറിക്സണ്‍, നോക്കിയ തുടങ്ങിയ മറ്റ് വെണ്ടര്‍മാരുമായി സഹകരിക്കും.

5ജിയില്‍ ഏറ്റവും ആദ്യമെത്തുന്ന രാജ്യങ്ങളില്‍ ഒന്നാകുമെന്നായിരുന്നു സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സ്പെക്ട്രം ലേലം വൈകിയതും ഉയര്‍ന്ന വില സംബന്ധിച്ച തര്‍ക്കവും സജ്ജീകരണങ്ങളിലെ കാലതാമസവും ഇന്ത്യയുടെ 5ജി സ്വപ്നങ്ങളെ പുറകോട്ടടിക്കുന്നതാണ് പിന്നീട് കണ്ടത്. 2019ല്‍ യുഎസ്, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ ഇടങ്ങളില്‍ 5ജി-ക്ക് തുടക്കം കുറിക്കപ്പെട്ടു. എങ്കിലും ആഗോള തലത്തില്‍ ഇപ്പോഴും വ്യാവസായികാടിസ്ഥാനത്തില്‍ 5ജി അതിന്‍റെ ആരംഭ ദശയിലാണ്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

5ജി-ക്കായി ഉടന്‍ 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ എയര്‍വേവ്സ് നല്‍കുന്നതിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ചില നിബന്ധനകളോടെ ട്രയല്‍ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാകും. ഗ്രാമീണമേഖലയിലെയും നഗര പ്രദേശങ്ങളിലെയും ഉപയോഗം പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുക, 5ജി ശൃംഖലയുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക എന്നിവയാണ് ചില വ്യവസ്ഥകള്‍. വാണിജ്യ വിന്യാസത്തിനുവേണ്ടിയല്ല എയര്‍വേവുകള്‍ നല്‍കുന്നതെന്നും ട്രയലുകള്‍ക്കല്ലാതെ ഇത് ഉപയോഗിച്ചാല്‍ ഗുരുതരമായ നടപടികളുണ്ടാകുമെന്നും ടെല്‍കോസിന് മുന്നറിയിപ്പ് നല്‍കും.

5 ജി ട്രയലുകള്‍ക്കായി ഒരു കൂട്ടം “മുന്‍ഗണന വെണ്ടര്‍മാരെ” കുറിച്ചുള്ള വിവരം ഫയല്‍ ചെയ്യാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കഴിഞ്ഞ വര്‍ഷം ടെല്‍കോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ അപേക്ഷിക്കുന്നതിനൊപ്പം കൊറിയയുടെ സാംസങ്, ഫിന്‍ലാന്‍ഡിന്‍റെ നോക്കിയ, സ്വീഡന്‍റെ എറിക്സണ്‍ എന്നിവയെയും ജിയോ ശുപാര്‍ശ ചെയ്തു. ഭാരതി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും തെരഞ്ഞെടുത്തത് നോക്കിയയെയും എറിക്സണെയുമാണ്. യുഎസ് ആസ്ഥാനമായുള്ള മാവേനറുമായി ചേര്‍ന്ന് ട്രയല്‍ നടത്താന്‍ വോഡഫോണ്‍ ഐഡിയയും അപേക്ഷ നല്‍കിയിരുന്നു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്ക ഉയര്‍ത്തിയ ആശങ്കയും ചൈനയുമായി ഇടക്കാലത്ത് രൂപംകൊണ്ട സംഘര്‍ഷവുമാണ് രാജ്യത്തെ ടെലികോം പരീക്ഷണങ്ങളില്‍ നിന്ന് ചൈനീസ് എക്യുപ്മെന്‍റ് നിര്‍മാതാക്കളെ മാറ്റി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ 5ജി-യുടെ വേഗത്തിലുള്ള വിന്യാസത്തിന് നിലവില്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള ചൈനീസ് എക്യൂപ്മെന്‍റ് ദാതാക്കളെയും ഉള്‍ക്കൊള്ളണമെന്ന് ടെലികോം മേഖലയില്‍ ആവശ്യമുയര്‍ന്നിരുന്നു.

Maintained By : Studio3