ലൂണ്‍ മതിയാക്കുന്നതായി ആല്‍ഫബെറ്റ്
ബലൂണുകള്‍ വഴി ലോകത്തിന്റെ മുക്കിലും മൂലയിലും ഓണംകേറാ മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് ‘ലൂണ്‍’ ബിസിനസ് ആരംഭിച്ചത്
കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ ‘ലൂണ്‍’ കമ്പനി അടച്ചുപൂട്ടുന്നു. ബലൂണുകള്‍ വഴി ലോകത്തിന്റെ മുക്കിലും മൂലയിലും ഓണംകേറാ മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനാണ് ‘ലൂണ്‍’ ബിസിനസ് നേരത്തെ ആരംഭിച്ചത്.
ഒമ്പത് വര്‍ഷം പ്രായമായ പ്രോജക്റ്റ് അലമാരയിലേക്ക് എടുത്തുവെയ്ക്കുകയാണെന്ന് ആല്‍ഫബെറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. 2018 ജൂലൈയിലാണ് പ്രത്യേക കമ്പനിയായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. സുസ്ഥിര ബിസിനസ് മാതൃക തെളിഞ്ഞുവരാത്തതും അനുയോജ്യരായ പങ്കാളികളെ ലഭിക്കാത്തതുമാണ് ആല്‍ഫബെറ്റിന്റെ പ്രധാന പ്രോജക്റ്റുകളിലൊന്നിന്റെ വഴിമുടക്കിയത്.
2017 ല്‍ പോര്‍ട്ടോ റിക്കോയില്‍ മറിയ ചുഴലിക്കാറ്റ് വീശിയടിച്ചതിനെതുടര്‍ന്ന് സെല്ലുലര്‍ സേവനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സഹായിച്ചതോടെയാണ് ആല്‍ഫബെറ്റിന്റെ ‘ലൂണ്‍’ പ്രോജക്റ്റ് വലിയ വാര്‍ത്താപ്രാധാന്യം നേടിയത്.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കള്‍ക്ക് തല കുനിക്കേണ്ട അവസ്ഥ വരുന്നത്. ഒരു ബില്യണ്‍ അധിക ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മറ്റൊരു പ്രധാനപ്പെട്ട കണക്റ്റിവിറ്റി സേവനമായ ഗൂഗിള്‍ സ്റ്റേഷന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 ന് ഓഫ് ലൈന്‍ മോഡിലേക്ക് മാറിയിരുന്നു. ഗൂഗിള്‍ സ്റ്റേഷന്‍ വഴി ഇന്ത്യയിലെ 400 ഓളം റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കിയത്. ഇതേ മാതൃക മറ്റ് രാജ്യങ്ങളിലെ പൊതു ഇടങ്ങളിലും നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം, ആകാശത്തില്‍ ആദ്യ ഘട്ട ബലൂണുകള്‍ വിന്യസിക്കുന്നതിന് ലൂണിന് കെനിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ ദൗത്യം ലൂണ്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. കാര്യങ്ങള്‍ ശരിയായ ദിശയില്‍ മുന്നേറുന്നു എന്നുവിചാരിച്ചിരിക്കുമ്പോഴാണ് ഇപ്പോള്‍ ആല്‍ഫബെറ്റിന്റെ അപ്രതീക്ഷിത തീരുമാനം വരുന്നത്.