ലോക്ക്ഡൗണ്‍ : സ്വര്‍ണാഭരണ വ്യവസായത്തിന് 10000 കോടിയുടെ നഷ്ടം: സിഎഐടി
ന്യൂഡെല്‍ഹി: തുടര്‍ച്ചയായ രണ്ട് വര്‍ഷം അക്ഷയ തൃതീയ ദിനത്തിലെ വ്യാപാരം മുടങ്ങിയത് സ്വര്‍ണ്ണ, സ്വര്‍ണ്ണാഭരണ വ്യാപാരത്തിന് വലിയ നഷ്ടമുണ്ടായതായി വ്യാവസായിക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) അവകാശപ്പെട്ടു. ലോക്ക് ഡൗണ്‍, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ മൂലം സ്വര്‍ണ്ണ, ആഭരണ വ്യാപാരത്തിന് ഏകദേശം 10,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍. വലിയ തോതില്‍ വ്യാപാരം നടക്കുന്ന മറ്റൊരു വിശേഷ ദിവസമായ ഈദു ലോക്ക്ഡൗണ്‍ കാലത്ത് വന്നത് വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി.
രാജ്യത്തെ സ്വര്‍ണാഭരണ വില്‍പ്പനയില്‍ വലിയ പ്രാധാന്യമുള്ള ദിവസമാണ് അക്ഷയ തൃതീയ. സ്വര്‍ണം വാങ്ങുന്നതിന് ശുഭകരമായ ദിവസമാണെന്ന വിശ്വാസത്തില്‍ ഊന്നിയുള്ള വിവിധ ജ്വല്ലറി ബ്രാന്‍ഡുകളുടെ പ്രചാരണത്തിന്‍റെ ഫലമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ വില്‍പ്പനയാണ് അക്ഷയ തൃതീയ ദിനത്തില്‍ നടക്കാറുള്ളത്.
നിയന്ത്രണങ്ങളെ തുടര്‍ന്ന് വിവാഹങ്ങള്‍ ലളിതമാക്കുന്നതും ആളുകളുടെ ഉപഭോഗ ശീലങ്ങളില്‍ വരുന്ന മാറ്റങ്ങളും സ്വര്‍ണാഭരണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. നേരത്തേ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം വ്യാപാരം സാധാരണ നിലയിലായപ്പോള്‍ വന്‍ തോതിലുള്ള വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. മാറ്റിവെച്ചിരുന്ന സ്വര്‍ണ വാങ്ങലുകള്‍ക്കായി ഉപഭോക്താക്കള്‍ എത്തിയതായിരുന്നു ഇതിന്‍റെ പ്രധാന കാരണം.