മഹാമാരിക്കിടയിലും ആഗോള സൈനിക ചെലവിടല്‍ 2.6% ഉയര്‍ന്നു
1 min readജിഡിപിയുടെ വിഹിതം എന്ന നിലയില്‍ സൈനിക ചെലവ് 2020ല്‍ 2.4 ശതമാനത്തിലെത്തി
വാഷിംഗ്ടണ്‍: കോവിഡ് -19 മഹാമാരി സൃഷ്ടിച്ച വെല്ലുവളികള്‍ക്കിടയിലും ആഗോള സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം 2.6 ശതമാനം ഉയര്‍ന്ന് 1.98 ട്രില്യണ്‍ ഡോളറിലെത്തിയെന്ന് സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളും ചില പ്രതിരോധ ഫണ്ടുകള്‍ കോവിഡിനെ നേരിടുന്നതിനായി വകമാറ്റി ചെലവഴിച്ചിട്ടും സൈനിക ചെലവിടല്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
സൈനിക ചെലവഴിക്കലില്‍ യഥാക്രമം ആദ്യ സ്ഥാനങ്ങളിലുള്ള അമേരിക്ക, ചൈന, ഇന്ത്യ, റഷ്യ, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളുടെ മൊത്തം ചെലവിടല്‍ 2020ലെ ആഗോള സൈനിക ചെലവിന്‍റെ 62 ശതമാനം വരും. ‘2020 ല്‍ കോവിഡ് 19 ആഗോള സൈനിക ചെലവില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പോടെ പറയാന്‍ കഴിയും,” ഗവേഷകനായ ഡീഗോ ലോപ്സ് ഡാ സില്‍വ പ്രസ്താവനയില്‍ പറഞ്ഞു.
പകര്‍ച്ചവ്യാധി കാരണം ആഗോള ജിഡിപി കുറഞ്ഞ സാഹചര്യത്തിലും, ജിഡിപിയുടെ വിഹിതം എന്ന നിലയില്‍ സൈനിക ചെലവ് 2020ല്‍ 2.4 ശതമാനത്തിലെത്തി. ഇത് 2019 ല്‍ 2.2 ശതമാനമായിരുന്നു. എന്നിരുന്നാലും, ചിലിയും ദക്ഷിണ കൊറിയയും പോലുള്ള ചില രാജ്യങ്ങള്‍ അവരുടെ ആസൂത്രിതമായ സൈനിക ചെലവിന്‍റെ ഒരു ഭാഗം അവരുടെ പകര്‍ച്ചവ്യാധിയെ നേരിടുന്നതിലേക്ക് തിരിച്ചുവിട്ടു. ബ്രസീലും റഷ്യയും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ 2020ലെ പ്രാരംഭ സൈനിക ബജറ്റിനേക്കാള്‍ വളരെ കുറവാണ് ചെലവഴിച്ചത്.
യുഎസ് സൈനിക ചെലവ് കഴിഞ്ഞ വര്‍ഷം 778 ബില്യണ്‍ ഡോളറിലെത്തി, ഇത് 2019 നെ അപേക്ഷിച്ച് 4.4 ശതമാനം വര്‍ധനയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റുള്ള യുഎസാണ് 2020 ലെ മൊത്തം ആഗോള സൈനിക ചെലവിന്‍റെ 39 ശതമാനവും വഹിച്ചത്. ഏഴു വര്‍ഷത്തോളം സൈനിക ചെലവിടലുകള്‍ കുറച്ച യുഎസ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തുടര്‍ച്ചയായി ഇത് വര്‍ധിപ്പിക്കുകയാണ്.
ചൈനയുടെ സൈനിക ചെലവ് 2020 ല്‍ ആകെ 252 ബില്യണ്‍ ഡോളറായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം വര്‍ധനയാണ്.
ചൈനീസ് സൈനിക ചെലവ് തുടര്‍ച്ചയായ 26 വര്‍ഷങ്ങളായി ഉയരുകയാണ്. ഇത്രയധികം വര്‍ഷങ്ങള്‍ ഇടവേളയില്ലാതെ സൈനിക ചെലവിടല്‍ വര്‍ധിപ്പിച്ച ഒരേ ഒരു പ്രമുഖ രാജ്യം ചൈനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൂന്നാം സ്ഥാനത്തായാണ് ഇന്ത്യയുടെ സൈനിക ചെലവിടലുള്ളത്.