November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020ല്‍ ആഗോള സ്വര്‍ണ ആവശ്യകത 11 വര്‍ഷത്തെ താഴ്ചയില്‍

ഇന്ത്യയിലെ ആവശ്യകത 2021ല്‍ തിരിച്ചുവരുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ നിഗമനം

ലണ്ടന്‍: കൊറോണ വൈറസ് വിപണിയില്‍ സൃഷ്ടിച്ച അസ്വാരസ്യങ്ങളുടെ ഫലമായി 2020ല്‍ ആഗോളതലത്തിലെ സ്വര്‍ണത്തിന്റെ ആവശ്യകത 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായി. നിക്ഷേപകരുടെ വന്‍തോതിലുള്ള സംഭരണത്തിന് കൊറോണ കാരണമായെങ്കിലും ആഭരണ വില്‍പ്പനയും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും വന്‍ ഇടിവ് നേരിട്ടതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബുള്ളിയന്‍ വ്യാപാരത്തിന്റെ ഭൂമിശാസ്ത്രത്തെയും മഹാമാരി മാറ്റിമറിച്ചു. ആഭരണം എന്ന നിലയില്‍ സ്വര്‍ണ ഉപഭോഗം കൂടുതലായി നടക്കുന്ന ഏഷ്യയില്‍ നിന്ന് നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് കൂടുതല്‍ ഉപഭോക്താക്കളുള്ള യൂറോപ്പിലേക്കും അമേരിക്കയിലേക്കുമാണ് ഈ മാറ്റം. ജ്വല്ലറി വിപണിയേക്കാള്‍ നിക്ഷേപകര്‍ക്ക് വിലയില്‍ കൂടുതല്‍ സ്വാധീനം ലഭിച്ചതിനാല്‍ 2020ല്‍ സ്വര്‍ണത്തിന്റെ മൂല്യം 25 ശതമാനം ഉയര്‍ന്നു.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ആഗോള സ്വര്‍ണ്ണ ആവശ്യകത 2019 ല്‍ നിന്ന് 14 ശതമാനം ഇടിഞ്ഞ് കഴിഞ്ഞ വര്‍ഷം 3,759.6 ടണ്ണായി. 2009ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷം 4,000 ടണ്ണിന് താഴേക്ക് സ്വര്‍ണ ആവശ്യകത എത്തുന്നതെന്ന് ലോക ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) ഏറ്റവും പുതിയ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 783.4 ടണ്ണാണ് ആവശ്യകത രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 28 ശതമാനം കുറവാണ്. 2008ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

നിക്ഷേപകര്‍ കഴിഞ്ഞ വര്‍ഷം 1,773.2 ടണ്‍ സ്വര്‍ണം വാങ്ങി, 2019നെ അപേക്ഷിച്ച് 40% വര്‍ധനയാണിത്. ഏതൊരു വര്‍ഷത്തെയും റെക്കോഡും കൂടിയാണിത്. സാമ്പത്തിക വളര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരികെ ഒഴുകിയതിനാല്‍ ഈ പ്രവണതയില്‍ വര്‍ഷാവസനത്തോടെ മാറ്റം പ്രകടമായി.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ചെറുകിട റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന് സ്വര്‍ണ്ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കുമായുള്ള ആവശ്യം വര്‍ഷാവസാനത്തോടെ വര്‍ദ്ധിച്ചു. ഈ വിഭാഗത്തിലെ വാര്‍ഷിക വാങ്ങല്‍ 2020ല്‍ 896.1 ടണ്ണായി, 2019നെ അപേക്ഷിച്ച് 3 ശതമാനം ഉയര്‍ച്ച. ആഭരണങ്ങളുടെ ഉപഭോഗം 1,411.6 ടണ്ണായി കുറഞ്ഞു, 2019നെ അപേക്ഷിച്ച് 34 ശതമാനം കുറവ്. ഇന്ത്യയിലും ചൈനയിലും കൊറോണയും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക നഷ്ടങ്ങളാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്. ഉയര്‍ന്ന വിലയും വാങ്ങുന്നവരില്‍ താല്‍പ്പര്യം കുറച്ചു. വര്‍ഷാവസാനത്തോടെ ആവശ്യകതയില്‍ വീണ്ടെടുപ്പ് പ്രകടമാണെന്നും ഡബ്ല്യുജിസി പറഞ്ഞു.

26 വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്നും സ്വര്‍ണ ഉപഭോഗം 2021ല്‍ തിരിച്ചുവരവ് പ്രകടമാക്കുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 2020 ല്‍ 35 ശതമാനം ഇടിഞ്ഞ് 446.4 ടണ്ണായെന്ന് ഡബ്ല്യുജിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1994ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ആവശ്യകതയാണിത്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി 164.4 ടണ്ണിലെത്തിയിട്ടുണ്ട് ആറു പാദങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണിത്. ദസറ, ദീപാവലി എന്നീ പ്രധാന ഉത്സവങ്ങളാണ് ഇതിന് കാരണം.
ഇന്ത്യയില്‍ നിക്ഷേപം എന്ന നിലയിലുള്ള സ്വര്‍ണ ആവശ്യകത ഡിസംബര്‍ പാദത്തില്‍ 8 ശതമാനം ഉയര്‍ന്ന് 48.9 ടണ്ണായി. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണനാണയങ്ങളും ബാറുകളും വാങ്ങുന്നത് ആളുകള്‍ വര്‍ദ്ധിപ്പിച്ചതോടെ വില ഇനിയും ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു. മികച്ച മണ്‍സൂണ്‍ മഴ കാര്‍ഷിക അഭിവൃദ്ധി വര്‍ധിപ്പിച്ചതിന്റെ ഫലമായി ഗ്രാമീണ മേഖലയില്‍ കഴിഞ്ഞ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ശക്തമായിരുന്നുവെന്നും ഡബ്ല്യുജിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3