ഫിറ്റ്ബിറ്റ് ലക്‌സ് ഫിറ്റ്‌നസ് ബാന്‍ഡ് ഇന്ത്യയില്‍
ഇന്ത്യയില്‍ 10,999 രൂപ മുതലാണ് വില. ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം സൗജന്യമായി ലഭിക്കും
ഫിറ്റ്ബിറ്റ് ലക്‌സ് ഫിറ്റ്‌നസ് ബാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഭരണത്തിന് സമാനമായ രൂപകല്‍പ്പനയാണ് ഈ വെയറബിളിന്റെ ഏറ്റവും വലിയ സവിശേഷത. മെറ്റല്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിംഗ് എന്ന രൂപകല്‍പ്പനാ പ്രക്രിയ വഴി നിര്‍മിച്ച സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കേസ് നല്‍കിയതാണ് ഫിറ്റ്ബിറ്റ് ലക്‌സ്. ഇതോടെ കരകൗശലത്താല്‍ നിര്‍മിച്ച ആഭരണമാണ് ഫിറ്റ്‌നസ് ബാന്‍ഡ് എന്ന് തോന്നിക്കും. ഫിറ്റ്ബിറ്റ് ലക്‌സ് സ്‌പെഷല്‍ എഡിഷന്‍ ഡിസൈന്‍ ചെയ്യുന്നതിന് കാലിഫോര്‍ണിയയിലെ ലഗൂണ ബീച്ച് ആസ്ഥാനമായ ഗോര്‍ജാന എന്ന ജ്വല്ലറി ബ്രാന്‍ഡുമായി അമേരിക്കന്‍ കമ്പനിയായ ഫിറ്റ്ബിറ്റ് സഹകരിച്ചു. സോഫ്റ്റ് ഗോള്‍ഡ് സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച പാര്‍ക്കര്‍ ലിങ്ക് ബ്രേസ്‌ലറ്റ്, സ്വിംപ്രൂഫ് ക്ലാസിക് സിലിക്കണ്‍ പിയോണി ബാന്‍ഡ് എന്നീ രണ്ട് ഓപ്ഷനുകളില്‍ പ്രത്യേക പതിപ്പ് ലഭിക്കും.
ഇന്ത്യയില്‍ 10,999 രൂപ മുതലാണ് വില. വിവിധ സിലിക്കണ്‍ ബാന്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. നിങ്ങളുടെ കൈയില്‍ രണ്ടുതവണ ചുറ്റാന്‍ കഴിയുന്ന നെയ്ത്തുശൈലിയിലും ലഭ്യമാണ്. ആറ് മാസത്തേക്ക് ഫിറ്റ്ബിറ്റ് പ്രീമിയം സൗജന്യമായി ലഭിക്കും. ആറുമാസ കാലയളവ് കഴിഞ്ഞാല്‍ പ്രതിമാസം 99 രൂപയ്ക്കും പ്രതിവര്‍ഷം 999 രൂപയ്ക്കും സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാം. 175 രാജ്യങ്ങളിലെ പതിനെട്ട് ഭാഷകളില്‍ ഫിറ്റ്ബിറ്റ് പ്രീമിയം ലഭ്യമാണ്. ഗോര്‍ജാന രൂപകല്‍പ്പന ചെയ്ത ഫിറ്റ്ബിറ്റ് ലക്‌സ് സ്‌പെഷല്‍ എഡിഷന്‍ മോഡലിന് 17,999 രൂപയാണ് വില. ഫിറ്റ്ബിറ്റ് ലക്‌സ് വൈകാതെ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഫിറ്റ്ബിറ്റ് ഓണ്‍ലൈന്‍ സ്‌റ്റോര്‍, മറ്റ് പ്രധാന വ്യാപാരികള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
അമോലെഡ് ടച്ച്‌സ്‌ക്രീന്‍ കളര്‍ ഡിസ്‌പ്ലേയാണ് ഫിറ്റ്ബിറ്റ് ലക്‌സ് ഉപയോഗിക്കുന്നത്. ബട്ടണ്‍ നല്‍കിയില്ല. ഗോള്‍ഫ്, പിലാറ്റിസ്, സ്പിന്നിംഗ്, ടെന്നീസ്, ഓട്ടം, ബൈക്കിംഗ്, ഹൈക്കിംഗ് തുടങ്ങി ഇരുപത് വ്യത്യസ്ത വ്യായാമ മോഡുകള്‍ സവിശേഷതയാണ്. ഹൃദയമിടിപ്പ് നിരക്ക്, മാനസിക പിരിമുറുക്കം, ഉറക്കം എന്നിവ നിരീക്ഷിക്കുന്നതാണ് ഫിറ്റ്ബിറ്റ് ലക്‌സ്. 24 മണിക്കൂര്‍ ഹൃദയമിടിപ്പ് നിരീക്ഷണം, ചുവടുകളുടെ എണ്ണം, എത്ര ദൂരം സഞ്ചരിച്ചു, എത്ര കലോറി കുറച്ചു, ആര്‍ത്തവകാലത്തെ ആരോഗ്യം, വിശദമായ ഉറക്ക നിരീക്ഷണം എന്നിവ സവിശേഷതകളാണ്. മാനസിക പിരിമുറുക്കം നിയന്ത്രിക്കാവുന്ന ടൂളുകള്‍ ഉണ്ടായിരിക്കും.
കോള്‍, ടെക്‌സ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ കൂടാതെ, ഡിഎന്‍ഡി മോഡ്, ടൈമര്‍, സ്‌റ്റോപ്പ്‌വാച്ച് എന്നിവ ഫീച്ചറുകളാണ്. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 4.2 നല്‍കി. ത്രീ ആക്‌സിസ് ആക്‌സെലറോമീറ്റര്‍, ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വൈബ്രേഷന്‍ മോണിറ്റര്‍, എസ്പിഒ2 നിരീക്ഷിക്കുന്നതിന് റെഡ്, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ എന്നിവ നല്‍കി. അഞ്ച് ദിവസം വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13.3 അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് 8.0 അപ്‌ഡേറ്റുകളും ഇവ രണ്ടിന്റെയും ഉയര്‍ന്ന അപ്‌ഡേറ്റുകളും ഉപയോഗിക്കുന്ന ഡിവൈസുകളുമായി ഫിറ്റ്ബിറ്റ് ലക്‌സ് പൊരുത്തപ്പെടും.