ഫയര്‍ ബോള്‍ട്ട് ബീസ്റ്റ് സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചു
ആമസോണ്‍ പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലഭിക്കും. 3,999 രൂപയാണ് വില
ന്യൂഡെല്‍ഹി: തദ്ദേശീയ ഓഡിയോ, വെയറബിള്‍ ബ്രാന്‍ഡായ ഫയര്‍ ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ ബീസ്റ്റ് എന്ന സ്മാര്‍ട്ട്‌വാച്ച് അവതരിപ്പിച്ചു. 3,999 രൂപയാണ് വില. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, നിരവധി ഹെല്‍ത്ത് ടൂളുകള്‍ എന്നിവ സവിശേഷതകളാണ്. ആമസോണ്‍ പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ലഭിക്കും.
1.69 ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. രക്തത്തിലെ ഓക്‌സിജന്‍ നിരീക്ഷിക്കുന്നതുകൂടാതെ 24 മണിക്കൂര്‍ നേരവും ഹൃദയമിടിപ്പ് നിരക്ക് പരിശോധിക്കും. ശ്വസന വ്യായാമങ്ങള്‍ക്കുള്ള ഫീച്ചറുകളും ലഭ്യമാണ്. രക്തസമ്മര്‍ദ്ദവും നിരീക്ഷിക്കും. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ബീസ്റ്റ് സ്മാര്‍ട്ട്‌വാച്ചിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഫയര്‍ ബോള്‍ട്ട് സഹസ്ഥാപകരായ ആയുഷി, അര്‍ണവ് കിശോര്‍ എന്നിവര്‍ പറഞ്ഞു.
‘ഇന്റലിജന്റ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ട്രാക്കിംഗ്’ സിസ്റ്റം വഴി സ്മാര്‍ട്ട്‌വാച്ച്് ഉപയോഗിക്കുന്നവര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. നിരവധി സ്‌പോര്‍ട്‌സ് മോഡുകള്‍ ലഭ്യമാണ്. നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം പരിശോധിക്കാനും അളക്കാനും കഴിയുന്നതുകൂടിയാണ് ഫയര്‍ബോള്‍ട്ട് ബീസ്റ്റ്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ എട്ട് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററിയാണ് സ്മാര്‍ട്ട്‌വാച്ച് ഉപയോഗിക്കുന്നത്. വിയര്‍പ്പും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി67 സുരക്ഷാ റേറ്റിംഗ് ലഭിച്ചു.