അഫ്ഗാനില്‍ പോരാട്ടം രൂക്ഷമാകുന്നു; ചില ജില്ലകള്‍ തിരിച്ചുപിടിച്ച് സേന
1 min readകാബൂള്‍: വടക്കന്‍ ബദാക്ഷന്‍ പ്രവിശ്യയിലെ ഇ പയാന്‍ ജില്ല അഫ്ഗാന്‍ സേന താലിബാനില്‍നിന്ന് തിരിച്ചുപിടിച്ചതായും മേഖലയിലുണ്ടായിരുന്ന ഭീകരരെ തുരത്തിയതായും ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് അഹ്മദ് സിയ സിയ പറഞ്ഞു.യഫ്താല്‍-ഇ-പയാന്‍ ജില്ലയില്‍ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സൈന്യം അതിരൂക്ഷമായ ആക്രമാണ് അഴിച്ചുവിട്ടത്. തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് കലാപകാരികള്‍ പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.കഴിഞ്ഞ രണ്ടാഴ്ചയായി ബദാക്ഷന്‍ പ്രവിശ്യയിലെ യഫ്താല്‍ ഇ പയാന്‍ ഉള്‍പ്പെടെ 10 ജില്ലകള്‍ താലിബാന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു. ഇതിനിടയില്‍, ബദാക്ഷാനിലെ കുറാന്‍-വോ-മുന്‍ജന്‍ ജില്ലയുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ സേനയും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള പോരാട്ടം കഴിഞ്ഞ നാല് ദിവസമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെടുകയോ സാരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുരാന്‍-വോ-മുന്‍ജാന്‍ ജില്ലയില്‍ നടന്ന പോരാട്ടം സ്ഥിരീകരിച്ച ബദാക്ഷന്‍ പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് നിക്ക് മുഹമ്മദ് നസാരി “ചില വിദേശികള്‍ ഉള്‍പ്പെടെ 17 കലാപകാരികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു’ എന്നു വ്യക്തമാക്കിയിരുന്നു. വടക്കന്‍ കുണ്ടുസ് പ്രവിശ്യയിലെ അലിയാബാദ് ജില്ലയും സര്‍ക്കാര്‍ സേന തിരിച്ചുപിടിച്ചതായും തീവ്രവാദികള്‍ പലായനം ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. മെയ് ഒന്നിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്മാറാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ താലിബാന്‍ ആക്രമണം കടുപ്പിച്ചിരിക്കയാണ്. ഇതുവരെ 170 ഓളം ജില്ലകള്‍ കലാപകാരികള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അഫ്ഗാനിസ്ഥാന്‍റെ വടക്കന്‍ തഖാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ താലൂഖാന്‍ നഗരത്തിനുനേരെയും വിമത ആക്രമണമുണ്ടായി. സര്‍ക്കാര്‍ സേനയുടെ തിരിച്ചടിയില്‍ രണ്ട് ഡസനിലധികം മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഹമീദ് മുബാരിസ് പറഞ്ഞു.സായുധ കലാപകാരികള്‍ ഞായറാഴ്ച പുലര്‍ച്ചെമുതല്‍ താലൂഖാന്‍ നഗരത്തില്‍ ബഹുമുഖ ആക്രമണങ്ങള്‍ നടത്തിയെങ്കിലും സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. ഇവിടെ കുറഞ്ഞത് 18 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് സൈന്യം അറിയിക്കുന്നത്.