സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റല്‍ ക്രൗഡ്ഫണ്ടിംഗ് പദ്ധതി അവതരിപ്പിച്ച് ദുബായ് കിരീടാവകാശി
ദുബായ് നെക്സ്റ്റ് എന്നാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ പേര്
ദുബായ്: സംരംഭകരെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള ദുബായ് നെക്‌സ്റ്റ് എന്ന പുതിയ ഡിജിറ്റല്‍ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിന് ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് തുടക്കമിട്ടു. ശുഭകരമായ മത്സരം ഉത്തേജിപ്പിക്കാനും പുതിയ ആശയങ്ങള്‍ക്ക് തുടക്കമിടാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ക്രൗഡ് ഫണ്ടിംഗിലൂടെ അത്തരം ആശയങ്ങള്‍ക്ക് പിന്തുണ നേടാനും പുതിയ പ്ലാറ്റ്‌ഫോം വേദിയാകുമെന്ന് ഷേഖ് ഹംദാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്റെര്‍നെറ്റോ മറ്റ് മാധ്യമങ്ങളോ മുഖേന ജനങ്ങളില്‍ നിന്നും സമാഹരിക്കുന്ന ചെറിയ തുകകളിലൂടെ പ്രോജക്ടുകള്‍ക്കും സംരംഭങ്ങള്‍ക്കും വേണ്ട ഫണ്ടിംഗ് നേടുന്ന ധനസമാഹരണ രീതിയാണ് ക്രൗഡ് ഫണ്ടിംഗ് എന്നറിയപ്പെടുന്നത്.
മത്സരാത്മകമായ വാണിജ്യ സാഹചര്യങ്ങളില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തി വിജയം നേടാന്‍ ശേഷിയുള്ള തലമുറയെ ശാക്തീകരിക്കാനും അങ്ങനെ സാമ്പത്തിക വികസനത്തില്‍ ചെറുകിട, ഇടത്തര സംരംഭങ്ങള്‍ വഹിക്കുന്ന അടിസ്ഥാന പങ്ക് ഊട്ടിയുറപ്പിക്കാനും യുവജന ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി യുഎഇക്ക് തുടരാനും ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നും ഷേഖ് ഹംദാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. യുഎഇ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണാണ് എസ്എംഇ മേഖലയെന്നും നഗരത്തിലെ സംരംഭകത്വത്തെ പിന്താങ്ങുന്ന പുതിയ പദ്ധതികളിലൂടെ തുടര്‍ന്നും മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ഷേഖ് ഹംദാന്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ സുപ്രധാന വാണിജ്യ, വ്യാപാര ഹബ്ബായ ദുബായ് ആഗോള ടെക് സ്റ്റാര്‍ട്ടപ്പുകള്‍ അടക്കം നിരവധി സംരംഭങ്ങള്‍ക്ക് ആസ്ഥാനമാണ്. ദുബായിലെ ബിസിനസ് സൗഹൃദ നിയമങ്ങളാണ് പല കമ്പനികളെയും എമിറേറ്റിലേക്ക് അടുപ്പിക്കുന്നത്. മെസേജിംഗ് ആപ്പായ ടെലഗ്രാം, പരസ്യ സാങ്കേതികവിദ്യ കമ്പനിയായ മീഡിയ ഡോട്ട് നെറ്റ്, യുഎസ് ടെക് കമ്പനിയായ വോയിസെറ ഏറ്റെടുത്ത എഐ ആസ്ഥാനമായ പ്രൊഡക്ടിവിറ്റി ആപ്പ് വികസിപ്പിച്ച റാപ്പപ്പ്, ബെയുട്ട് ആന്‍ഡ് ഡബിസിള്‍ പോര്‍ട്ടലുകളുടെ മാതൃകമ്പനിയായ എമേര്‍ജിംഗ് പ്രോപ്പര്‍ട്ടി ഗ്രൂപ്പ് തുടങ്ങി നിരവധി ആഗോള കമ്പനികളാണ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത്.
ദുബായില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാകുന്നതിനൊപ്പം യുവാക്കള്‍ക്കും നവ ആശയങ്ങള്‍ ഉള്ളവര്‍ക്കും തങ്ങളുടെ പ്രോജക്ടുകള്‍ക്ക് ആവശ്യമായ ഫണ്ടിംഗ് നേടുന്നതിനും ദുബായ് നെക്സ്റ്റ് ഉപകാരപ്പെടും. നിക്ഷേപകരെ കണ്ടെത്തുന്നതിന് മുമ്പ് തന്നെ പ്രോജക്ടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ പ്ലാറ്റ്‌ഫോം നേട്ടമാകും. മാത്രമല്ല, ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാനും വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോം സഹായകമാകും.
ദുബായ് ചേംബര്‍ നവംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം കമ്പനികളുടെ 94 ശതമാനവും എസ്എംഇകളാണ്. മാത്രമല്ല സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 86 ശതമാനം ആളുകളും എസ്എംഇകളില്‍ ജോലി ചെയ്യുന്നവരാണ്. ദുബായ് എമിറേറ്റിന്റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ മൊത്തം കമ്പനികളുടെ 95 ശതമാനം എസ്എംഇകളും ആകെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ 40 ശതമാനം പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ്. ദുബായ് സമ്പദ് വ്യവസ്ഥയില്‍ 40 ശതമാനം പങ്കാളിത്തമാണ് എസ്എംഇകള്‍ക്കുള്ളത്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ടിക്കുന്നതിനുള്ള ദുബായ് എസ്എംഇ മിഷന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ജദുബായ് നെക്‌സ്റ്റ് പ്ലാറ്റ്‌ഫോം എന്ന് ദുബായ് എസ്എംഇ ചീഫ് എക്‌സിക്യുട്ടീവ് അബ്ദുള്‍ അല്‍ ജനാഹി പറഞ്ഞു. സംരംഭകരും നവ ആശങ്ങളുള്ളവരും നേരിടുന്ന വെല്ലുവിളികള്‍ക്ക് നവീനമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ദുബായ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തെളിവാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകര്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കാനും ആശയങ്ങള്‍ സുസ്ഥിര വികസനത്തെയും അറിവില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ പടുത്തുയര്‍ത്താനുള്ള ശ്രമങ്ങളെയും പിന്താങ്ങുന്ന പ്രോജക്ടുകള്‍ ആക്കി മാറ്റാനും അനുകൂലമായ സാഹചര്യമാണ് എമിറേറ്റില്‍ നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു