November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗദിയില്‍ വീണ്ടും ഹൂത്തി ആക്രമണം; റിയാദിലെ എണ്ണ സംസ്‌കരണശാലയ്ക്ക് തീപിടിച്ചു

1 min read

ഈ മാസം ആദ്യം റാസ് തനൂറ തുറമുഖവും അരാംകോയുടെ പാര്‍പ്പിട മേഖലയും ലക്ഷ്യമാക്കി ഹൂത്തികള്‍ വ്യോമാക്രമണം നടത്തിയിരുന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ എണ്ണ സംസ്‌കരണശാലയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സംസ്‌കരണശാലയ്ക്ക് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂത്തി വിമതര്‍ ഏറ്റെടുത്തു.

രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥഥയിലുള്ള എണ്ണ സംസ്‌കരണ ശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൗദി സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തിലും തുടര്‍ന്നുണ്ടായ തീപിടിത്തത്തിലും ജീവഹാനിയോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ നിന്നുള്ള എണ്ണ വിതരണം തടസപ്പെട്ടില്ലെന്ന് ഊര്‍ജ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അരാംകോയുടെ റിയാദിലുള്ള എണ്ണ സംസ്‌കരണ ശാല ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഹൂത്തികള്‍ വെള്ളിയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ആറ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ അറിയിച്ചു.

അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ എവിടെ നിന്നാണ് ഡ്രോണുകള്‍ വന്നതെന്നോ സംബന്ധിച്ച് സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ അരാംകോയും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ അടുത്ത കാലത്തായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദിയെ ലക്ഷ്യമിട്ട് കൊണ്ടുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടരുന്നിടത്തോളം സൗദിക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നും ശക്തമാക്കുമെന്നും സരിയ അറിയിച്ചു. അതേസമയം ഇത്തരം ആക്രമണങ്ങള്‍ കേവലം സൗദിയെ മാത്രമല്ല, ആഗോള ഊര്‍ജ വിതരണത്തിന്റെ സുരക്ഷയും സ്ഥിരതയ്ക്കും ലക്ഷ്യമിട്ടുള്ളതാണെന്ന് സൗദി ഊര്‍ജ മന്ത്രാലയം കുറ്റപ്പെടുത്തി.

യെമനിലെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച സര്‍ക്കാരിന് പിന്തുണയുമായി 2015 മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം ഹൂത്തികള്‍ക്കെതിരെ യുദ്ധരംഗത്തുണ്ട്. സൗദിയിലെ വിമാനത്താവളങ്ങളും വ്യോമസേന താവളങ്ങളും ഊര്‍ജ മേഖലകളും ലക്ഷ്യമാക്കി ഹൂതി സേന നടത്തുന്ന മിക്ക ഡ്രോണ്‍, മിസൈലാക്രമണങ്ങളും തങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ടെന്നാണ് സൗദിയുടെ അവകാശവാദം. എന്നാല്‍ ചില ആക്രമണങ്ങളില്‍ സാരമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഈ മാസം ആദ്യം ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ധനത്തുറമുഖമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ പാടവും സൗദി അരാംകോ ജീവനക്കാര്‍ താമസിക്കുന്ന പാര്‍പ്പിട മേഖലയും ലക്ഷ്യമാക്കി ഹൂത്തികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ആക്രമണസാധ്യത മുന്‍നിര്‍ത്തി സൗദിയിലെ സൈനിക കേന്ദ്രങ്ങളിലും സുപ്രധാന മേഖലകളിലും സന്ദര്‍ശനം ഒഴിവാക്കണമെന്ന് വിദേശ കമ്പനികള്‍ക്കും പൗരന്മാര്‍ക്കും സരിയ മുന്നറിയിപ്പ് നല്‍കി. യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൈനികാക്രമണങ്ങള്‍ ഒഴിവാക്കണമെന്നും സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും ഐക്യരാഷ്ട്രസഭയും അമേരിക്കയും ഹൂത്തികളോട് ആവള്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തെ അപലപിച്ചു

റിയാദിലെ എണ്ണ സംസ്‌കരണ ശാലയ്ക്ക് നേരെയുണ്ടായ ഹൂത്തി ഭീകരാക്രമണത്തെ അന്താരാഷ്ട്ര സമൂഹം അപലപിച്ചു. ആക്രമണത്തില്‍ ഖേദം രേഖപ്പെടുത്തിയ ജിസിസി ജനറല്‍ സെക്രട്ടറി നയ്ഫ് ഫലഹ് മുബാറക് അല്‍-ഹജ്‌റഫ് സൗദിക്ക് പിന്തുണ അറിയിക്കുകയും ദേശീയ സംവിധാനങ്ങളും നേട്ടങ്ങളും സംരക്ഷിക്കാനുള്ള സൗദി നടപടികള്‍ക്ക് ജിസിസി രാജ്യങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. അറബ് ലീഗും ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി. ഹൂത്തികള്‍ക്കും അവര്‍ക്ക് പിന്തുണയൊരുക്കുന്നവര്‍ക്കുമെതിരെ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ശക്തമാക്കണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ സ്ഥിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും സമാധാനപരമായ പരിഹാരങ്ങള്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും അറബ് ലീഗ് അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ ഫ്രഞ്ച് അംബാസഡര്‍ ലുദോവിക് പൗയിലും ആക്രമണത്തെ അപലപിച്ചു. പ്രാദേശിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് നടപടികളെയും പാരീസ് ശക്തമായി എതിര്‍ക്കുന്നതായും ലുദോവിക് വ്യക്തമാക്കി.

ജോര്‍ദാന്‍ ഇന്ധന മന്ത്രാലയവും യുഎഇ വിദേശകാര്യ മന്ത്രാലയവും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവും ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഖേദം രേഖപ്പെടുത്തി. അമേരിക്കയും കുവൈറ്റും യെമനും അടക്കമുള്ള വിദേശരാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.

Maintained By : Studio3