കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 17%ല്‍ നിന്ന് 28% ആയി ഉയര്‍ത്തി
1 min read
കോവിഡ് 19 മൂലം ഒന്നരവര്‍ഷമായി ഡിഎ പരിഷ്കരണം നടപ്പാക്കിയിരുന്നില്ല
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിയര്‍നസ് അലവന്‍സ് (ഡിഎ) 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. 2021 ജൂലൈ 1 മുതല്‍ ഇത് ബാധകമാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഏകദേശം 5 ദശലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 6.5 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ക്കും ഇത് സാമ്പത്തിക ഉത്തേജനം നല്‍കും. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിപണിയിലെ ചെലവിടല്‍ വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിലധികം കഴിഞ്ഞാണ് ഓണ്‍ലൈനിലല്ലാതെ നേരിട്ട് മന്ത്രമാര്‍ പങ്കെടുത്തുകൊണ്ട് മന്ത്രിസഭായോഗം നടന്നത്. പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17% ഡിഎ ആണുള്ളത്. 2019 ജൂലൈ മുതലാണ് ഈ ഡിഎ നിലവാരം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ 4 ശതമാനം വര്‍ധിപ്പിച്ച് 21 ശതമാനമാക്കാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിരുന്നു. 2020 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പക്ഷേ, കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഇത് നടപ്പാക്കാതെ മാറ്റിവെക്കുകയായിരുന്നു.
ഒന്നരവര്‍ഷത്തേക്ക് ഡിഎ റിവിഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ, 37,530.08 കോടി രൂപ സര്‍ക്കാര്‍ ലാഭിച്ചു. കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ സാമ്പത്തിക പ്രത്യാഘാതത്തെ മറികടക്കാന്‍ വിവിധ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് ഇത് വിനിയോഗിക്കപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
മന്ത്രാലയങ്ങളും കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളും (സിപിഎസ്ഇ) അവതരിപ്പിച്ച ആഗോള ടെന്‍ഡറുകളില്‍ ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികള്‍ക്ക് സബ്സിഡി പിന്തുണ നല്‍കുന്ന പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കി. നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക് മെഡിസിനിന്‍റെ (എന്‍ഐഐഎഫ്എം) പേര് നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ & ഫോക്ക് മെഡിസിന്‍ റിസര്‍ച്ച് (എന്‍ഐഐഎഫ്എംആര്‍) എന്നാക്കി മാറ്റുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.