യുകെ വകഭേദം മൂലമുള്ള മരണ നിരക്ക് 30 മുതല്‍ 100 ശതമാനം വരെ അധികമെന്ന് ഗവേഷകര്‍
1 min readവളരെ വേഗം വ്യാപിക്കാനുള്ള കഴിവിനൊപ്പം ഉയര്‍ന്ന മരണസാധ്യതയും B.1.1.7നെ കൂടുതല്‍ അപകടകാരിയാക്കുന്നു
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തിയ രോഗ വ്യാപന ശേഷി കൂടിയ കോവിഡ്-19ന്റെ യുകെ വകഭേദം മുമ്പ് കൂടുതലായി കാണപ്പെട്ട വകഭേദങ്ങളേക്കാള്‍ 30 മുതല്‍ 100 ശതമാനം വരെ മരണ നിരക്ക് കൂടിയവയാണെന്ന് ഗവേഷകര്‍. B.1.1.7 – എന്നറിയപ്പെടുന്ന പുതിയ SARS-CoV-വകഭേദം മൂലം കോവിഡ്-19 പിടിപെട്ടവരിലും മറ്റ് വകഭേദങ്ങള്‍ മൂലം രോഗം വന്നവരിലും മരണ നിരക്ക് സംബന്ധിച്ച് നടത്തിയ താരതമ്യ പഠനത്തിലാണ് യുകെ വകഭേദത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് മരണ നിരക്ക് വളരെ അധികമാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് B.1.1.7 എന്ന വകഭേദം ബ്രിട്ടനില്‍ ആദ്യമായി കണ്ടെത്തുന്നത്. അതിന് ശേഷം ലോകത്തെ നൂറോളം രാജ്യങ്ങളില്‍ ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ വകഭേദത്തിന്റെ ജനിതക ഘടനയില്‍ 23ഓളം വ്യതിയാനങ്ങളാണ് കണ്ടെത്തിയത്. താരതമ്യേന ഇത് വളരെ അധികമാണ്. ഇതില്‍ ചില വ്യതിയാനങ്ങള്‍ വളരെ എളുപ്പത്തില്‍ രോഗ വ്യാപനം നടത്താന്‍ വൈറസിനെ പ്രാപ്തമാക്കുന്നതാണ്. മുമ്പ് സമൂഹത്തില്‍ പ്രചരിച്ച മറ്റ് പ്രധാന വകഭേദങ്ങളേക്കാള്‍ 40 മുതല്‍ 70 ശതമാനം വരെ രോഗവ്യാപന ശേഷി കൂടിയവയാണ് യുകെ വകഭേദമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഈ വകഭേദം 54,906 കോവിഡ്-19 രോഗികളില്‍ 227 പേരുടെ മരണത്തിനിടയാക്കിയെന്ന് എന്നാല്‍ മറ്റ് വകഭേദങ്ങള്‍ മൂലം ഇത്ര തന്നെ രോഗികള്‍ 141 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വളരെ വേഗം വ്യാപിക്കാനുള്ള കഴിവിനൊപ്പം ഉയര്‍ന്ന മരണസാധ്യതയും B.1.1.7നെ കൂടുതല്‍ അപകടകാരിയാക്കുന്നുവെന്ന് എക്‌സറ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകനായ റോബര്‍ട്ട് ചലാന്‍ പറഞ്ഞു. നേരത്തെ നടന്ന പഠനങ്ങളും കൊറോണ വൈറസിന്റെ യുകെ വകഭേദം കൂടുതല്‍ അപകടകാരിയാണെന്നും മരണസാധ്യത കൂടുതലാണെന്നും സൂചന നല്‍കിയിരുന്നു. ഇത് സംബന്ധിച്ച പഠനത്തിന്റെ ആദ്യ കണ്ടെത്തലുകള്‍ മറ്റ് ഗവേഷണങ്ങള്‍ക്കൊപ്പം ഈ വര്‍ഷം തുടക്കത്തില്‍ പുതിയതും രൂപപ്പെട്ട് വരുന്നതുമായ ശ്വാസകോശ വൈറസ് ഭീഷണികളെ കുറിച്ചുള്ള ഉപദേശക സമിതിയായ NERVTAGലെ ഗവേഷകര്‍ യുകെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
യുകെ വകഭേദത്തിന്റെ ഉയര്‍ന്ന മരണ നിരക്കിന് പിന്നിലുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈറസിന്റെ വര്‍ധിച്ച വ്യാപന ശേഷിയും വ്യതിയാനങ്ങളും ഉയര്‍ന്ന മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് വാര്‍വിക്ക് സര്‍വ്വകലാശാലയിലെ മോളിക്യുലാര്‍ ഓങ്കോളജി പ്രഫസറും വൈറോളജിസ്റ്റുമായ ലോറന്‍സ് യോങ് പറയുന്നത്. യൂറോപ്പിലൂടനീളം സമീപകാലത്തായി കോവിഡ്-19 കേസുകളിലുണ്ടായ വര്‍ധനയ്ക്ക് പുതിയ വകഭേദം ശക്തി പകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.