ലോക്ക്ഡൗണുകള്‍ മൂലം ബാക്ടീരിയകള്‍ പരത്തുന്ന അസുഖങ്ങള്‍ കുറഞ്ഞു
1 min readആക്രമണകാരികളായ ബാക്ടീരിയകള്‍ പരത്തുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്‌സിസ് തുടങ്ങിയ രോഗങ്ങള്‍ ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അസുഖങ്ങളുടെയും മരണങ്ങളുടെയും പ്രധാന കാരണങ്ങളാണ്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും പൊതുജന ആരോഗ്യ നടപടികളും ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മാരകമായ ബാക്ടീരിയകളുടെ വ്യാപനം കുറയാനും അങ്ങനെ ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനും കാരണമായതായി ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. ആക്രമണകാരികളായ ബാക്ടീരിയകള്‍ പരത്തുന്ന ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്‌സിസ് തുടങ്ങിയ രോഗങ്ങള്‍ ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അസുഖങ്ങളുടെയും മരണങ്ങളുടെയും പ്രധാന കാരണങ്ങളാണ്. പ്രത്യേകിച്ചും കുട്ടികളെയും മുതിര്‍ന്നവരെയുമാണ് ഇത്തരം അസുഖങ്ങള്‍ ബാധിക്കുന്നത്. ഒരു വ്യക്തിയില്‍ മറ്റൊരു വ്യക്തിയിലേക്ക് നേരിട്ട് ശ്വസനപാത വഴിയാണ് ഈ രോഗാണുക്കള്‍ പകരുന്നത്.
കോവിഡ്-19ന്റെ അതിവേഗ വ്യാപനം ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്താനും ദേശീയ രോഗ നിര്‍മാര്‍ജന നയങ്ങള്‍ക്ക് രൂപം നല്‍കാനും പല രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കി. ഇതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മൂലം ഭൂരിഭാഗം രാജ്യങ്ങളിലെയും ആളുകളുടെ സഞ്ചാരത്തില്‍ കാര്യമായ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരിക്കും മേയ്ക്കുമിടയില്‍ എല്ലാ രാജ്യങ്ങളിലെയും ആക്രമണകാരികളായ ബാക്ടീരിയകള്‍ മൂലമുള്ള രോഗബാധയില്‍ വലിയ രീതിയിലുള്ള കുറവുണ്ടായതായി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം ബാക്ടീരികള്‍ മൂലമുള്ള കേസുകളില്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ആറായിരത്തിനടുത്ത് കുറവുണ്ടായതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കോവിഡ്-19നെതിരായ നിയന്ത്രണങ്ങള്‍ ആരംഭിച്ച് നാല് ആഴ്ചകള്‍ക്ക് ശേഷം സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ കേസുകളില്‍ 68 ശതമാനം കുറവും എട്ട ആഴ്ചകള്‍ക്ക് ശേഷം 82 ശതമാനം കുറവും രേഖപ്പെടുത്തി. കോവിഡ്-19 നിയന്ത്രണങ്ങള്‍ മറ്റ് ശ്വാസകോശ സംബന്ധ രോഗാണുക്കളുടെ വ്യാപനം കുറച്ചുവെന്നതിന് വ്യക്തമായ തെളിവാണിത്. പൊതുജനാരോഗ്യ നടപടികള്‍ തുടര്‍ന്നും അപകടകാരികളായ ബാക്ടീരികള്‍ മൂലമുണ്ടാകുന്ന ജീവന് ഭീഷണിയാകുന്ന അസുഖങ്ങളില്‍ നിന്ന്് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഈന്നല്‍ നല്‍കണമെന്നും ഇത്തരം രോഗങ്ങള്‍ക്കെതിരെ നിലവില്‍ ലഭ്യമായതും ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉപയോഗത്തിലുള്ളതുമായ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഓ്ക്‌സ്ഫഡിലെ നൂഫീല്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് പോപ്പുലേഷന്‍ ഹെല്‍ത്തിലെ സാക്രമിക രോഗ വിഭാഗം ഫ്രഫസറും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയുമായ ഏയ്ഞ്ചല ബ്രൂഗ്ഗ്മാന്‍ അഭിപ്രായപ്പെട്ടു.
സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ, ഹീമോഫിലസ് ഇന്‍ഫ്‌ളുവന്‍സ, നിസ്സേറിയ മെനിഞ്ചിറ്റിഡിസ് തുടങ്ങിയ മൂന്ന് ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന രോഗബാധയാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷവും മുന്‍വര്‍ഷങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത രോഗബാധ നിരക്ക് താരതമ്യം ചെയ്താണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. പ്രധാനമായും കണ്ടുവരുന്ന മാരകമായ ബാക്ടീരിയല്‍ രോഗങ്ങളായ മെനിഞ്ചൈറ്റിസ്, ന്യുമോണിയ, സെപ്‌സിസ് എന്നിവ പരത്തുന്നത് ഈ രോഗാണുക്കളാണ്. ആറ് വന്‍കരകളിലുള്ള ഇരുപത്തിയാറോളം രാജ്യങ്ങളിലെയും ഭൂപ്രദേശങ്ങളിലെയും ലബോറട്ടറികളില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.