October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജങ്ക് ഫുഡ് പാക്കറ്റുകളിലെ അപകട സൂചകങ്ങളിലൂടെ കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാം

1 min read

കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലെ പൊണ്ണത്തടി കൂടാന്‍ കാരണമായെന്നും ആരോഗ്യ വിദഗ്ധര്‍

ഭക്ഷണങ്ങളിലെ ഉപ്പും മധുരവും മറ്റ് ഹാനികരമായ ചേരുവകളും കുറയ്ക്കാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ജങ്ക് ഫുഡ് പാക്കറ്റുകളില്‍ അപകട സൂചകങ്ങളും നല്‍കുകയും ചെയ്താല്‍ ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പൊണ്ണത്തടി നിയന്ത്രിക്കാന്‍ കഴിയുമെന്ന് പൊതുജനാരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരം. റിഷികേശില്‍ എയിംസ് സംഘടിപ്പിച്ച വെബിനാറില്‍ ആണ് കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായത്.

പാക്കറ്റുകളിലെ അപകട സൂചകങ്ങള്‍ എത്രമാത്രം അനാവശ്യ കലോറിയും ഹാനികരമായ വസ്തുക്കളുമാണ് ജങ്ക് ഫുഡിലൂടെ കുട്ടികള്‍ കഴിക്കുന്നതെന്ന് മാതാപിതാക്കളും ഉപഭോക്താക്കളും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഫുഡ് ലേബലുകള്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവ ആയിരിക്കണമെന്നും മനസിലാക്കാന്‍ എളുപ്പമുള്ളതായിരിക്കണമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈലറി സയന്‍സസിലെ ക്ലിനിക്കല്‍ എപ്പിഡെമിയോളജി പ്രഫസറായ ഉമേഷ് കപില്‍ പറഞ്ഞു. ഓരോ പ്രായത്തിലും ആവശ്യമായ പോഷകങ്ങളുടെ വിവരങ്ങളും ഭക്ഷണപാക്കറ്റുകളില്‍ ലേബലായി നല്‍കുന്നതും കുട്ടിക്കാലത്തെ പൊണ്ണത്തടിയെന്ന പ്രതിസന്ധിയെ നേരിടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

  ദുല്‍ഖര്‍ സല്‍മാന്‍ ജെഎസ്ഡബ്ല്യു പെയിന്‍റ്സ് ബ്രാന്‍ഡ് അംബാസ അംബാസിഡർ

ഒട്ടും വൈകാതെ തന്നെ ഇന്ത്യ ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പരിധികള്‍ നടപ്പില്‍ വരുത്തണമെന്നും ലളിതവും സ്മാര്‍ട്ടും ഗ്രഹിക്കാനാകുന്ന തരത്തിലുമുള്ള എഫ്ഒപിഎല്‍ (ഫ്രണ്ട് ഓഫ് പാക്കേജ് ലേബലിംഗ്) അവതരിപ്പിക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. പാക്കറ്റ് ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ന്യൂട്രിയന്റുകളായ (പോഷകവിരുദ്ധം) പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവയുടെ അനുവദിനീയമായ അളവ് സംബന്ധിച്ച് ശാസ്ത്രീയമായി തെളിയിച്ചതും ലോകം അംഗീകരിച്ചതുമായ ഒരു ചട്ടക്കൂടിന് (സീറോ ഫ്രെയിംവര്‍ക്ക്) ലോകാരോഗ്യ സംഘടന രൂപം നല്‍കിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തെ പ്രോത്സാഹിപ്പിക്കാനും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാനും ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള അനിഷ്ടകരമായ പോഷകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ഉല്‍പ്പന്ന ചേരുവകളില്‍ മാറ്റം വരുത്താന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കാനും എഫ്ഒപിഎല്ലിനെ വളരെ ഫലപ്രദമായ നയങ്ങളിലൊന്നായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.

  ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നു

14.4 ദശലക്ഷം പൊണ്ണത്തടിയുള്ള കുട്ടികളുമായി ലോകത്ത് കുട്ടികളിലെ പൊണ്ണത്തടിയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. 2025ഓടെ രാജ്യത്തെ പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം 17 ദശലക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍, പാക്ക് ചെയ്തതും അമിതമായി സംസ്‌കരിച്ചതും (അള്‍ട്രാ പ്രൊസസ്ഡ്) ആയ ഭക്ഷ്യ വസ്തുക്കളുടെ അളവും വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കും. കോവിഡ്-19 പകര്‍ച്ചവ്യാധി കുട്ടികളിലെ പൊണ്ണത്തടി കൂടാന്‍ കാരണമായെന്നതിന് നിരവധി തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്‌കൂള്‍ അടച്ചിടലും ലോക്ക്ഡൗണും മൂലം സ്‌കൂളുകളില്‍ ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കാത്തതും കായികാഭ്യാസങ്ങളിലെയും ഫിസിക്കല്‍ ആക്ടിവിറ്റിയിലെയും കുറവും കുട്ടികളിലെ പൊണ്ണത്തടി ഉയരാന്‍ കാരണമായി.

പൊണ്ണത്തടി വെക്കുന്നത് ജീവന് തന്നെ ഭീഷണിയായ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങി പല അസുഖങ്ങള്‍ക്കും കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ശരീരത്തിലെത്തുന്ന കലോറിയും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ചിലവഴിക്കപ്പെടുന്ന കലോറിയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് പൊണ്ണത്തടിക്ക് കാരണമാകുന്നതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ചെയര്‍പേഴ്‌സണ്‍ രേഖ ഹരീഷ് പറഞ്ഞു.

  ടെക്നോപാര്‍ക്ക് കമ്പനിക്ക്‌ മികച്ച വനിതാ തൊഴില്‍ദാതാവിനുള്ള അവാര്‍ഡ്

ഹാനികരമായ ചേരുവകള്‍ക്ക് ശാസ്ത്രീയമായ കട്ട് ഓഫ് ലിമിറ്റുകള്‍ കൊണ്ടുവരുന്നതും പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ എഫ്ഒപിഎല്‍ കൊണ്ടുവരികയുമാണ് പൊണ്ണത്തടിയെന്ന വിപത്തിനെ നേരിടാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളാണ് പൊണ്ണത്തടിയുടെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക. എന്നുകരുതി പൊണ്ണത്തടിയെന്ന അവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും കുട്ടികളുടെയോ അവരുടെ മാതാപിതാക്കളുടെയോ മാത്രം തലയില്‍ വെച്ച് കെട്ടരുത്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവര്‍ക്കായി പോഷകസമ്പുഷ്ടമായ ഭക്ഷ്യ വ്യവസ്ഥയ്ക്ക് രൂപം നല്‍കുന്നിതനും നയരൂപകര്‍ത്താക്കളും ഭക്ഷ്യ വ്യവസായ മേഖലയും ആരോഗ്യ സമൂഹവും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതുണ്ടെന്ന് റിഷികേശിലെ എയിംസ് ഡീന്‍ മനോജ് കുമാര്‍ ഗുപ്ത പറഞ്ഞു.

Maintained By : Studio3