ഇന്ത്യയിലെ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദത്തിനെതിരെ കോവാക്‌സിന്‍ ഫലപ്രദം
1 min readB.1.617,എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം E484Q ,L452R എന്നീ ഇരട്ട ജനിതക വ്യതിയാനങ്ങളോടെ കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്.
ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്‌സിനായ കോവാക്‌സിന്‍ SARS-CoV-2ന്റെ പല തരത്തിലുള്ള വൈറസ് വകഭേദങ്ങളെയും ഇന്ത്യയിലെ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദത്തെയും നിര്‍വീര്യമാക്കുമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ഐസിഎംആര്‍ ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്.
B.1.617, എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം E484Q ,L452R എന്നീ ഇരട്ട ജനിതക വ്യതിയാനങ്ങളോടെ കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഈ പുതിയ കൊറോണ വൈറസ് വകഭേദത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് ആശങ്കയ്ക്കിടയാക്കുന്ന SARSCOV-2 വൈറസിന്റെ B.1.1.7 (യുകെ വകഭേദം), B.1.1.28 (ബ്രസീല്‍), B.1.351 ( ദക്ഷിണാഫ്രിക്ക) തുടങ്ങിയ വകഭേദങ്ങളെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിജയകരമായി വേര്‍തിരിച്ചതായി ഐസിഎംആര്‍ അറിയിച്ചു. യുകെ വകഭേദത്തെ നിര്‍വീര്യമാക്കാന്‍ കോവാക്‌സിന് സാധിക്കുമെന്ന് തെളിഞ്ഞതായും ഐസിഎംആര്‍ കൂട്ടിച്ചേര്‍ത്തു.
സമാനമായി ഇന്ത്യയിലെ ചിലയിടങ്ങളിലും നിരവധി രാജ്യങ്ങളിലും കണ്ടെത്തിയിട്ടുള്ള B.1.617 എന്ന SARS-CoV-2ന്റെ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദത്തെയും വേര്‍തിരിക്കാന്‍ കഴിഞ്ഞതായും ഈ വകഭേദത്തെയും നിര്‍വീര്യമാക്കാന്‍ കോവാക്‌സിന് ശേഷിയുണ്ടെന്ന് തെളിഞ്ഞതായും ഐസിഎംആര്‍ അറിയിച്ചു.
ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദത്തിന്റെ രോഗവ്യാപന നിരക്ക് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടി്‌ല്ലെന്ന് ഐസിഎംആര്‍ മേധാവി ഡോ.ഭാര്‍ഗവ നേരത്തെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് അവസാനമാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തിലൊരു ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചത്. സവിശേഷ വകഭേദമാണെങ്കിലും രോഗവ്യാപന നിരക്കും മരണനിരക്കും കൂടിയ, ആശങ്കയ്ക്കിടയാക്കുന്ന ഒന്നാണിതെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ശാസ്ത്രജ്ഞയും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയുമായ അപര്‍ണ മുഖര്‍ജി ബ്ലൂംബര്‍ഗ് ടിവിയോട് വെളിപ്പെടുത്തിയിരുന്നു.
ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മനി, അയര്‍ലന്‍ഡ്, നമീബിയ,ന്യസിലന്‍ഡ്, സിംഗപ്പൂര്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലും ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിലില്‍ രാജ്യത്ത് പരിശോധിച്ച 52 ശതമാനം സാമ്പിളുകളിലും ഈ വകഭേദത്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഈ വകഭേദത്തി്‌ന്റെ സാന്നിധ്യം 60 ശതമാനത്തിന് മുകളിലാണ്. ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ B.1.617ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗം വ്യാപനം നടത്താന്‍ ശേഷി നല്‍കുന്ന രണ്ട് വ്യതിയാനങ്ങളാണ് ഈ വകഭേദത്തില്‍ ഉള്ളതെന്നതിനാല്‍ വരുംദിവസങ്ങളില്‍ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നേരത്തെയുള്ള രോഗബാധ വഴിയോ വാക്‌സിനേഷനിലൂടെയോ ശരീരത്തിലുണ്ടായ ആന്റിബോഡികളുടെ കൂടിച്ചേരല്‍ കുറയാന്‍ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്.