ബിഎംഐയും പ്രായവും കഴുത്ത് വേദനയെ സ്വാധീനിക്കും
കഴുത്തിന്റെ ബലക്കുറവും തല വെയ്ക്കുന്ന രീതികളുമാണ് പ്രധാനമായും കഴുത്ത് വേദനക്ക് കാരണം. പക്ഷേ ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതം (ബിഎംഐ), സമയം എന്നിവയും കഴുത്തിന്റെ ചലനങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്
കഴുത്തിന്റെ ആരോഗ്യക്കുറവും തല വയ്ക്കുന്ന രീതികളുമാണ് കഴുത്ത് വേദനയുടെ പ്രധാന കാരണങ്ങളെങ്കിലും ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതം (ബിഎംഐ), സമയം എന്നിവയും കഴുത്തിന്റെ സ്ഥിരമായ ചലനത്തെ സ്വാധീനിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകള്‍ അനുഭവിക്കുന്ന ശാരീരിക വൈകല്യമാണ് കഴുത്തുവേദന.
പ്രായം കൂടുന്നതിനനുസരിച്ച് കഴുത്തിന്റെ ബലത്തെയും ക്ഷമതയെയും സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചാണ് പഠനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. കഴുത്തുവേദന ലോകത്തിലെ നാലാമത്തെ വലിയ ശാരീരിക വൈകല്യമാണെന്നാണ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവലൂഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി പറയുന്നത്. ജീവിതശൈലിയിലുള്ള മാറ്റമാണ് കഴുത്തുവേദനയുടെ പ്രധാനകാരണം. പ്രത്യേകിച്ച് ആളുകള്‍ കഴുത്ത് മുന്നോട്ട് ആഞ്ഞ നിലയില്‍ ദീര്‍ഘനേരം ചിലവഴിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ ലിംഗം, ഭാരം, പ്രായം, ജോലിസംബന്ധമായ ശീലങ്ങള്‍ തുടങ്ങി വ്യക്തിപരമായ ഘടകങ്ങളും കഴുത്തിന്റെ ബലത്തെയും ചലനശേഷിയെയും ബാധിക്കാമെന്നാണ് ടെക്‌സസ് എ ആന്‍ഡ് എം സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനം പറയുന്നത്.
തലയുടെയും കഴുത്തിന്റെയും നില പോലെ ജോലി സംബന്ധമായ ഘടകങ്ങള്‍ കഴുത്തിന്റെ ബലത്തെയും സഹനശക്തിയെയും വലിയ രീതിയില്‍ സ്വാധീനിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇക്കാര്യത്തില്‍ സ്ത്രീ, പുരുഷന്മാര്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും ബിഎംഐ കഴുത്തിന്റെ സഹനശക്തി നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെന്ന് ഗവേഷകര്‍ മനസിലാക്കി. മാത്രമല്ല, കഴുത്ത് വേദനയുണ്ടാകുന്നതില്‍ സമയത്തിനും വലിയ പങ്കുണ്ടെന്നത് ഗവേഷകരെ സംബന്ധിച്ചെടുത്തോളം പുതിയൊരു അറിവായിരുന്നു.
ഒരു ദിവസത്തിനിടയ്ക്ക് പലതരം ജോലികള്‍ മൂലവും കൂടുതലായി ഉപയോഗിക്കുന്നത് മൂലവും നമ്മുടെ കഴുത്തിന് ക്ഷീണമുണ്ടാകാമെന്നും രാവിലെ, വൈകുന്നേരം എന്നിങ്ങനെ പല സമയങ്ങളും കഴുത്ത് വേദനയെ സ്വാധീനിക്കുന്നുണ്ടെന്നും പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ സുഡോംഗ് സാംഗ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും നിലവിലെ പഠന റിപ്പോര്‍ട്ട് അതിനായി ഉപയോഗപ്പെടുത്താമെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.