ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ബഹിര്‍ഗമനം ഇന്ത്യയുടെ സംഭാവന 2.622 ജിഗാടണ്‍

തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകളും കൂട്ടായ പരിശ്രമവുമാണ് സുസ്ഥിര പാക്കേജിംഗ് പരിഹാരങ്ങള്‍ക്കും നെറ്റ്-സീറോ ദൗത്യം നിറവേറ്റുന്നതിനും അത്യന്താപേക്ഷിതമെന്ന് മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി (ഐസിടി) മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.ഡി യാദവ്. തിരുവനന്തപുരത്തെ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി)യില്‍ സസ്റ്റൈനബിള്‍ പാക്കേജിംഗ് സൊല്യൂഷന്‍സ് ഫോര്‍ നെറ്റ് സീറോ ഫ്യൂച്ചറിനെക്കുറിച്ചുള്ള കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്ക് നിരോധനം കൊണ്ട് മാത്രം ഫലമുണ്ടാകില്ലെന്നും ബദല്‍ സാങ്കേതിവിദ്യകള്‍ സ്വീകരിക്കുകയെന്നതാണ് പ്രധാനമെന്നും പ്രൊഫ. ജി.ഡി യാദവ് പറഞ്ഞു. കെമിക്കല്‍ റീസൈക്കിള്‍ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണം. റീസൈക്കിള്‍, റീസൈക്കിള്‍, റെഡ്യൂസ് എന്നിവയ്ക്കൊപ്പം കാര്‍ബണ്‍ ഉപഭോഗം കുറയ്ക്കുന്നതിന് റെഫ്യൂസ്, റീപര്‍പ്പസ് തുടങ്ങിയ മാനദണ്ഡങ്ങള്‍ കൂടി പരിശീലിക്കണം. കഴിഞ്ഞ വര്‍ഷം, ആഗോളതലത്തില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം 36.8 ജിഗാടണ്‍ ആയിരുന്നുവെന്ന് ജി.ഡി യാദവ് ചൂണ്ടിക്കാട്ടി. ഇതില്‍ ഇന്ത്യയുടെ സംഭാവന 2.622 ജിഗാടണ്‍ ആണ്. 2070 ന് പകരം 2050 ഓടെ അത് പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനുള്ള നയമാണ് ആവശ്യം. നമ്മുടെ സാങ്കേതികവിദ്യകള്‍ മികച്ച ഉല്‍പ്രേരകങ്ങള്‍, റിയാക്ടറുകള്‍, പ്രക്രിയകള്‍ എന്നിവ വികസിപ്പിച്ചുകൊണ്ട് കാര്‍ബണ്‍ കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പാക്കേജിംഗ് ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ സമീപനമാണ് വേണ്ടതെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരത്തില്‍ സമഗ്രമായ ബദലുകളുടെ നിര്‍മ്മാണ മാര്‍ഗത്തിലാണ് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ശ്രദ്ധയൂന്നുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 8 സിഎസ്ഐആര്‍ ലാബുകളുടെയും വ്യവസായ മേഖലയുടെയും പിന്തുണയോടെ ഈ ബദല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ നടത്തിയ പഠനമനുസരിച്ച് തലച്ചോറ്, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മൈക്രോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മുലപ്പാലില്‍ പോലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കേജിംഗ് വ്യവസായത്തിലെ ചുവടുവയ്പ്പുകള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഐഐപി മുംബൈയിലെ അഡീഷണല്‍ ഡിജിഎഫ്ടിയും ഡയറക്ടറുമായ ഐആര്‍എസ് രാജേഷ് കുമാര്‍ മിശ്ര പറഞ്ഞു. സുസ്ഥിര പാക്കേജിംഗ് പരിഹാരങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഓരോ ഉപഭോക്താവും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഈ വിഷയം ഉള്‍പ്പെടുത്തുന്നതിന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പോലുള്ള സ്ഥാപനങ്ങള്‍ എന്‍സിഇആര്‍ടിയുമായും മറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പോലുള്ള ഗവേഷണ സ്ഥാപനങ്ങളിലൂടെ പാക്കേജിംഗില്‍ ചില സുസ്ഥിര പരിഹാരങ്ങള്‍ ലോകത്തിന് നല്‍കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഓഫ് എമിനന്‍സ് ഡോ. സുകുമാര്‍ ദേവോട്ട പറഞ്ഞു. പ്രാജ് മാട്രിക്സ് ആര്‍ ആന്‍ഡ് ഡി പ്രസിഡന്‍റും സിടിഒയുമായ ഡോ. പ്രമോദ് കുംബാര്‍, ഐടിസി-എല്‍എസ്ടിസി മേധാവി ഡോ. സുരേഷ് രാമമൂര്‍ത്തി എന്നിവരും സംസാരിച്ചു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്‍റിസ്റ്റും ബിഡിഡി മേധാവിയുമായ ഡോ. പി. നിഷി സ്വാഗതവും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റും പിഎംഇഡി മേധാവിയുമായ ഡോ. വി. കരുണാകരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബയോ പോളിമേഴ്സ്-സോഴ്സിംഗ് ആന്‍ഡ് ഫ്യൂച്ചര്‍ ആപ്ലിക്കേഷന്‍സ്, സര്‍ക്കുലര്‍ ഇക്കണോമി ഫോര്‍ സസ്റ്റൈനബിള്‍ പാക്കേജിംഗ്, മൈക്രോ പ്ലാസ്റ്റിക്സ് മൈഗ്രന്‍റ്സ് ടെസ്റ്റിംഗ് പോളിസീസ് ആന്‍ഡ് റഗുലേഷന്‍സ് എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും ഡിജിറ്റല്‍ പോസ്റ്റര്‍, ഫ്ളാഷ് അവതരണങ്ങളും നടന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പാക്കേജിംഗ് ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി യോജിച്ച് സിഎസ്ഐആര്‍ 2024ല്‍ ആണ് നാഷണല്‍ മിഷന്‍ ഓണ്‍ സുസ്ഥിര പാക്കേജിംഗ് സൊല്യൂഷന്‍സ് ആരംഭിച്ചത്. നെറ്റ്-സീറോ ഭാവി കൈവരിക്കുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി നയിക്കുന്ന ഈ ദൗത്യം എട്ട് സിഎസ്ഐആര്‍ ലാബുകളുടെയും വ്യവസായ പങ്കാളികളുടെയും വൈദഗ്ധ്യം സംയോജിപ്പിക്കുന്നു.