November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ആദ്യ സിഎന്‍ജി ട്രാക്റ്റര്‍ പുറത്തിറക്കി

ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന നിലവിലെ ട്രാക്റ്ററില്‍ സിഎന്‍ജി കിറ്റ് നല്‍കുകയായിരുന്നു


സിഎന്‍ജി (സമ്മര്‍ദിത പ്രകൃതി വാതകം) ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ട്രാക്റ്റര്‍ പുറത്തിറക്കി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയാണ് ട്രാക്റ്റര്‍ അനാവരണം ചെയ്തത്. ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്ന നിലവിലെ ട്രാക്റ്ററില്‍ സിഎന്‍ജി കിറ്റ് നല്‍കുകയായിരുന്നു. സിഎന്‍ജി ട്രാക്റ്ററിന് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെ ഇന്ധന ചെലവിനത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. റോമാറ്റ് ടെക്‌നോ സൊലൂഷന്‍സ് ആന്‍ഡ് ടൊമസിറ്റോ അക്കീല്ലെ ഇന്ത്യയുമായി ചേര്‍ന്നാണ് ഡീസല്‍ ട്രാക്റ്ററിനുവേണ്ട കണ്‍വേര്‍ഷന്‍ കിറ്റ് വികസിപ്പിച്ചത്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ട്രാക്റ്ററുകളില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രാജ്യമെങ്ങും പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു. ഓരോ ജില്ലയിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. നിതിന്‍ ഗഡ്കരി തന്നെയാണ് പുതിയ സിഎന്‍ജി ട്രാക്റ്ററിന്റെ ഉടമ. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഗഡ്കരിക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമര്‍, പുരുഷോത്തം രൂപാല, വികെ സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിലവിലെ ഡീസല്‍ ട്രാക്റ്ററുകളില്‍ സിഎന്‍ജി കിറ്റ് നല്‍കുന്നത് കര്‍ഷകരുടെ പ്രവര്‍ത്തന ചെലവുകള്‍ കുറയ്ക്കുമെന്നും വരുമാനം വര്‍ധിപ്പിക്കുമെന്നും പ്രസംഗമധ്യേ നിതിന്‍ ഗഡ്കരി പറഞ്ഞു. സാധാരണഗതിയില്‍ ഓരോ വര്‍ഷവും ഡീസലിനായി കര്‍ഷകര്‍ ശരാശരി മൂന്ന് ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് ചെലവഴിക്കുന്നത്. ബദല്‍ ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഇന്ധന ചെലവിനത്തില്‍ 1.5 ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷികവൃത്തിയുടെ ചെലവുകള്‍ കുറയ്ക്കുന്നതുകൂടാതെ, ഡീസല്‍ ട്രാക്റ്ററുകള്‍ അന്തരീക്ഷത്തിലേക്ക് വിടുന്ന ദോഷകരമായ വാതകങ്ങള്‍ കുറയ്ക്കാനും സിഎന്‍ജി സാങ്കേതികവിദ്യയ്ക്കു കഴിയും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

കഴിഞ്ഞ ആറ് മാസത്തോളമായി സിഎന്‍ജി ട്രാക്റ്റര്‍ പരീക്ഷിച്ചുവരികയായിരുന്നു. ഡീസല്‍ ട്രാക്റ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി ട്രാക്റ്റര്‍ 75 ശതമാനം കുറവ് വായു മലിനീകരണം മാത്രമായിരിക്കും സൃഷ്ടിക്കുകയെന്ന് അവകാശപ്പെടുന്നു. സിഎന്‍ജി കണ്‍വേര്‍ഷന്‍ കിറ്റിന് എത്ര രൂപയാണെന്ന് വെളിപ്പെടുത്തിയില്ല. നിലവിലെ ഡീസല്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കിലോഗ്രാം സമ്മര്‍ദിത പ്രകൃതി വാതകത്തിന് (സിഎന്‍ജി) 42.70 രൂപയാണ് വില. സിഎന്‍ജിയിലേക്ക് മാറിയതോടെ ട്രാക്റ്ററിന്റെ പെര്‍ഫോമന്‍സ്, മറ്റ് സ്‌പെസിഫിക്കേഷനുകള്‍ എന്നിവ വ്യക്തമല്ല.

Maintained By : Studio3