ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന് ചൈനയില്‍ അപരന്‍; ഓറ പങ്ക് ക്യാറ്റ്
ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്ന പ്രശസ്ത കാറുമായി വളരെയധികം സാദൃശ്യമുള്ളതാണ് ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സിന്റെ ഇവി വിഭാഗമായ ഓറ അനാവരണം ചെയ്ത പങ്ക് ക്യാറ്റ് ഇവി
ഷാങ്ഹായ്: ഈ വര്‍ഷത്തെ ഷാങ്ഹായ് ഓട്ടോ ഷോയില്‍ ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സിന്റെ ഇവി വിഭാഗമായ ഓറ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് കാര്‍ ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റി. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്ന പ്രശസ്ത കാറുമായി വളരെയധികം സാദൃശ്യമുള്ളതാണ് ഓറ അനാവരണം ചെയ്ത പങ്ക് ക്യാറ്റ് ഇവി. ഓറയുടെ മറ്റ് ഇലക്ട്രിക് കാറുകളായ ഗുഡ് ക്യാറ്റ്, വൈറ്റ് ക്യാറ്റ്, ബ്ലാക്ക് ക്യാറ്റ് എന്നീ മോഡലുകളുടെ ചുവടുപിടിച്ചാണ് പുതിയ റെട്രോ കാറിന് പങ്ക് ക്യാറ്റ് എന്ന പേര് നല്‍കിയത്. ഒറിജിനല്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ പോലെ ഈ അപരനും ഫ്രങ്ക് ലഭിച്ചു. അതായത്, മുന്നിലാണ് പ്രധാന ലഗേജ് കംപാര്‍ട്ട്‌മെന്റ്.
സ്ത്രീ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പങ്ക് ക്യാറ്റ് വികസിപ്പിച്ചതെന്ന് ഓറ പറയുന്നു. ഇലക്ട്രിക് കാറിന്റെ സ്‌പെസിഫിക്കേഷനുകള്‍ കമ്പനി തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററി ശേഷി, ഡ്രൈവിംഗ് റേഞ്ച് എന്നിവയൊന്നും ഇപ്പോള്‍ അറിയാന്‍ നിര്‍വാഹമില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവരും.
കാഴ്ച്ചയില്‍, ഫോക്‌സ്‌വാഗണ്‍ ഒരു ഇലക്ട്രിക് ബീറ്റില്‍ നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും, അതുതന്നെയാണ് ഓറ പങ്ക് ക്യാറ്റിന്റെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. സാദൃശ്യം നിരവധിയാണ്. വളഞ്ഞ ഛായാരൂപം, ക്ലാംഷെല്‍ ഹുഡ്, വൃത്താകൃതിയുള്ള വലിയ ഹെഡ്‌ലാംപുകള്‍, മുന്നില്‍ മെറ്റാലിക് ഫിനിഷില്‍ കരുത്തുറ്റ ബംപര്‍ എന്നിവയെല്ലാം കണ്ടാല്‍ 1960 കളിലെ ബീറ്റില്‍ തന്നെയാണ്. എന്നാല്‍ നാല് ഡോറുകള്‍ ലഭിച്ച മോഡലാണ് ഓറ പങ്ക് ക്യാറ്റ്. പിറകിലെ രൂപകല്‍പ്പനയും അല്‍പ്പം വ്യത്യസ്തമാണ്. മെറ്റാലിക് ഗ്രീന്‍, വെളുത്ത പെയിന്റ് സ്‌കീം, ഫ്‌ളെയേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, വൃത്താകൃതിയില്‍ ചെറിയ കണ്ണാടികള്‍ എന്നിവ ലഭിച്ചതോടെ തീര്‍ച്ചയായും ഇലക്ട്രിക് കാറിന്റെ റെട്രോ ഭാവം വര്‍ധിച്ചു.
പഴമയും പുതുമയും സമ്മേളിക്കുന്നതാണ് കാബിന്‍. വലിയ സ്റ്റിയറിംഗ് വളയം, ലളിതമായ രൂപകല്‍പ്പന എന്നിവ ഉള്‍പ്പെടെ ഓള്‍ഡ് സ്‌കൂള്‍ ലേഔട്ട് നല്‍കിയിരിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, മുന്‍, പിന്‍ നിരകളില്‍ എസി വെന്റുകള്‍, പവര്‍ വിന്‍ഡോകള്‍, സോഫ്റ്റ് ടച്ച് ലെതര്‍ പാനലുകള്‍ തുടങ്ങി എല്ലാ ആധുനിക ക്രീച്ചര്‍ കംഫര്‍ട്ടുകളും ലഭിച്ചു.