എയര്‍ ഇന്ത്യ വില്‍പ്പനയില്‍ കേന്ദ്രം ലക്ഷ്യമിടുന്നത് 15,000 കോടി
1 min readഉഭയകക്ഷി റൈറ്റുകള്‍, എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ എന്നിവ പോലുള്ള ആസ്തികള്‍ക്ക് കാര്യമായ മൂല്യം നല്‍കുന്നതിന് ബിഡ്ഡര്‍മാര്‍ തയാറാകുന്നില്ല
ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ, അതിന്റെ അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യയും സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസസ് (സാറ്റ്‌സ്) ലിമിറ്റഡും തമ്മിലുള്ള 50:50 സംയുക്ത സംരംഭം ഐസാറ്റ്‌സിലെ പങ്കാളിത്തം എന്നിവയുടെ വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മൊത്തം 15,000 കോടി രൂപയുടെ സമാഹരണം.
സാമ്പത്തികമായി പ്രതിസന്ധിയിലായ കമ്പനിയുടെ ഇക്വിറ്റിക്ക് പൂജ്യം മൂല്യം കല്‍പ്പിച്ചുകൊണ്ടുള്ളതാകും താല്‍പ്പര്യപത്രങ്ങളെന്നാണ് വിലയിരുത്തല്‍. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള സാധ്യതകളില്‍ ടാറ്റ ഗ്രൂപ്പ് ആണ് മുന്നില്‍ നില്‍ക്കുന്നത്. ദേശീയ കാരിയറിന്റെ മൂല്യനിര്‍ണ്ണയത്തിനായി കേന്ദ്രം ആര്‍ബിഎസ്എ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സാമ്പത്തിക ബിഡുകളും ലഭിച്ചതിനു ശേഷമാകും മന്ത്രിതല സമിതി അതിന്റെ അന്തിമ കരുതല്‍ വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
ഉഭയകക്ഷി റൈറ്റുകള്‍, എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ എന്നിവ പോലുള്ള ആസ്തികള്‍ക്ക് കാര്യമായ മൂല്യം നല്‍കുന്നതിന് ബിഡ്ഡര്‍മാര്‍ തയാറാകുന്നില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്ലോട്ടുകള്‍ ഇന്ത്യയില്‍ വ്യാപാരം ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന് പ്രധാന കാരണം. അത്തരം ആസ്തികളുടെ മൂല്യം ഒരു ബിഡ്ഡര്‍ അവ എങ്ങനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ബോയിംഗ് 787, 777 തുടങ്ങിയ വൈഡ് ബോഡി വിമാനങ്ങളുടെയും പഴയ തലമുറ വിമാനങ്ങളായ എയര്‍ബസ് 320, ബോയിംഗ് 737 എന്നിവയുടെയും വിലയിലുണ്ടായ ഇടിവാണ് നിലവിലെ അവസ്ഥയുടെ മറ്റൊരു കാരണം. കോവിഡ് 19 സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളും വില്‍പ്പനയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എയര്‍ ഇന്ത്യയില്‍ നിലവില്‍ 121 വിമാനങ്ങളാണുള്ളത്, അതില്‍ 65 എണ്ണം സ്വന്തമാണ്, എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 25 ബോയിംഗ് 737 വിമാനങ്ങളുണ്ട്, അതില്‍ 10 എണ്ണം സ്വന്തമാണ്.