ആസാമില്‍ ബിജെപി സഖ്യം അധികാരത്തില്‍ തിരിച്ചത്തുമെന്ന് സോനാവാള്‍
ഗുവഹത്തി: ആസാമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. മൂന്നുഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പ് വളരെ സമാധാനപരമായിരുന്നു. പതിറ്റാണ്ടുകളുടെ കലാപത്തിനും അക്രമത്തിനും ശേഷം ആസാമില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ തന്‍റെ സര്‍ക്കാര്‍ വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘കൂടുതല്‍ സീറ്റുകളുമായി ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നമ്മുടെ സര്‍ക്കാര്‍ നടത്തിയ നിരന്തരമായ വികസന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകും, “അദ്ദേഹം പറഞ്ഞു.മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 തീയതികളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ധാരാളം ആളുകള്‍ പങ്കെടുത്തുവെന്നും ഇത് ഇന്ത്യയുടെ സമഗ്ര ജനാധിപത്യത്തിലുള്ള തങ്ങളുടെ വിശ്വാസം വീണ്ടും ഊട്ടിയുറപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയതിന് ആസാമിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്രമന്ത്രിമാര്‍, മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലും സഹായിച്ച എല്ലാ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ആസാമിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 73 ശതമാനത്തിലധികം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. രണ്ടാം ഘട്ടത്തില്‍ 73 ശതമാനവും മൂന്നാം ഘട്ടത്തില്‍ 79 ശതമാനവും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. എജിപിയും യുപിപിഎല്ലും ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2016 ല്‍ ബിജെപി 60 സീറ്റുകളും എജിപി 14 സീറ്റുകളും അന്നത്തെ സഖ്യ പങ്കാളിയായ ബിപിഎഫ് 12 സീറ്റുകളും നേടിയിരുന്നു. പ്രതിപക്ഷ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ‘മഹജൂത്തിന്‍റെ’ ഭാഗമാണ് ബിപിഎഫ് ഇത്തവണ. കഴിഞ്ഞയാഴ്ച ഛത്തീസ്ഗഢില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥരായ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ ബാബുല്‍ റാബ എന്നിവരുടെ വസതികള്‍ സോനോവാള്‍ സന്ദര്‍ശിച്ചു.