Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുലായംസിംഗിന്‍റെ മരുമകള്‍ ബിജെപി സ്ഥാനാര്‍ത്ഥി

ലക്നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാപക കുടുംബത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് മുലായം സിംഗ് യാദവിന്‍റെ മരുമകള്‍ സന്ധ്യ യാദവ് ബിജെപിയില്‍. അവര്‍ സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മെയിന്‍പുരിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുന്‍ ബദൗന്‍ എംപി ധര്‍മേന്ദ്ര യാദവിന്‍റെ സഹോദരിയായ സന്ധ്യ യാദവ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തിന്‍റെ നിലവിലെ ചെയര്‍പേഴ്സണുമാണ്.സമാജ്വാദി ടിക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സന്ധ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഏപ്രില്‍ 19 നാണ് പോളിംഗ് നടക്കുക.

2017ല്‍ ഫിറോസാബാദ് ജില്ലാ പഞ്ചായത്ത് അംഗവും ശിവ്പാല്‍ യാദവുമായി അടുത്ത ബന്ധമുള്ളയാളുമായ ഭര്‍ത്താവ് അനുജേഷ് യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാം ഗോപാല്‍ യാദവിന്‍റെ അടുത്ത അനുയായിയായ പ്രാദേശിക ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിജയ് പ്രതാപിനെതിരെയുള്ള പ്രമേയത്തില്‍ അനുജേഷ് ഒപ്പുവെച്ചതാണ് കാരണമെന്ന് കരുതപ്പെടുന്നു. അതിന് ഒരാഴ്ചക്കുശേഷം സന്ധ്യക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. തീരുമാനത്തില്‍ നിന്ന് സ്വയം പിന്മാറുന്നതായി 11 അംഗങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് പ്രമേയം പിന്‍വലിക്കപ്പെടുകയും ചെയ്തു. അതിനുശേഷം 2019 ല്‍ അനുജേഷ് ബിജെപിയില്‍ ചേര്‍ന്നു. ‘എസ്പി അംഗങ്ങള്‍ക്ക് എന്‍റെ ഭാര്യ (സന്ധ്യ) ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ കഴിയുമെങ്കില്‍ അവര്‍ക്ക് ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ പോരാടാം’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ഭാര്യ വിജയിക്കുമെന്ന് അനുജേഷ് അവകാശപ്പെട്ടു.1993 ലും 1996 ലും തന്‍റെ അമ്മ ഉര്‍മിള യാദവ് ഗിറോറില്‍ നിന്ന് രണ്ടുതവണ എംഎല്‍എ ആയിരുന്നെന്നും ജനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് ഗണ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും യാദവ് പറഞ്ഞു.

പാര്‍ട്ടി അവരെ രാഷ്ട്രീയ എതിരാളിയായി പരിഗണിക്കുമെന്ന് സന്ധ്യ യാദവിന്‍റെ മരുമകനും മെയിന്‍പുരിയില്‍ നിന്നുള്ള മുന്‍ സമാജ്വാദി എംപിയുമായ തേജ് പ്രതാപ് യാദവ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥിയുണ്ട്, അദ്ദേഹത്തിന്‍റെ വിജയത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്‍റില്‍ മുലായം സിംഗ് യാദവ് തന്നെ പ്രശംസിച്ചിട്ടുണ്ട്’ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രദീപ് ചൗഹാന്‍ പറഞ്ഞു. മുലായത്തിന്‍റെ മരുമകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അവര്‍ ബിജെപിയുടെ വികസന അജണ്ടയെ പിന്തുണയ്ക്കുന്നുവെന്നാണ്. ഒരാളുടെ പാത തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള സന്ധ്യയുടെ തീരുമാനം പാര്‍ട്ടിക്കും കുടുംബത്തിനും വലിയ നാണക്കേടാണെന്ന് ലക്നൗവിലെ എസ്പി നേതാക്കള്‍ സമ്മതിച്ചു.

Maintained By : Studio3